കണ്ണന്താനത്തിന് തൊടുന്നതെല്ലാം പിഴക്കുകയാണെന്ന് ; രൂക്ഷ വിമര്‍ശനവുമായി ശിവസേന

മുംബൈ : ഐഎഎസ് പ്രൌഢിയില്‍ കേന്ദ്രമന്ത്രിസഭയിലെത്തിയ അല്‍ഫോന്‍സ് കണ്ണന്താനത്തിന് തൊടുന്നതെല്ലാം പിഴക്കുകയാണെന്ന് ശിവസേന.

വാവിട്ട വാക്ക് തിരിച്ചെടുക്കാന്‍ കഴിയാത്തതു കൊണ്ട് തന്നെ സ്വന്തം പാളയത്തില്‍ നിന്ന് പോലും കണ്ണന്താനം രൂക്ഷ വിമര്‍ശം ഏറ്റുവാങ്ങുകയാണ്. പെട്രോളും ഡീസലുമൊക്കെ വാങ്ങുന്നവര്‍ പണക്കാരാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം കണ്ണന്താനം നടത്തിയ പ്രസ്താവനക്കെതിരെയാണ് ശിവസേനയുടെ വിമര്‍ശനം.

രാജ്യത്തെ പാവപ്പെട്ടവരെയും സാധാരണക്കാരെയും അപമാനിക്കുകയാണ് കണ്ണന്താനം ചെയ്തിരിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.

സാമ്‌നയിലെ ലേഖനത്തിലൂടെയാണ് കണ്ണന്താനത്തെ ശിവസേന വിമര്‍ശിക്കുന്നത്.

വളരെ നിരുത്തരവാദപരമായ പ്രസ്താവനയാണ് കണ്ണന്താനം നടത്തിയത്. രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ക്ക് പ്രധാന കാരണം ഇന്ധന വില വര്‍ധനയാണ്. എന്‍ഡിഎ ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് വില ഏറ്റവും കൂടുതല്‍. കോണ്‍ഗ്രസ് ഭരണകാലത്ത് പോലും ജനങ്ങള്‍ ഇത്രയധികം അപമാനിക്കപ്പെട്ടിട്ടുണ്ടാകില്ല. കണ്ണന്താനത്തിന്റെ പ്രസ്താവന മധ്യവര്‍ഗ ജനവിഭാഗങ്ങളുടെ മുഖത്ത് തുപ്പുന്നത് പോലെയാണെന്നും ശിവസേന പറയുന്നു.

കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ധന വില ഉയര്‍ന്നപ്പോള്‍ രാജ്‌നാഥ് സിങും സ്മൃതി ഇറാനിയും സുഷമ സ്വരാജും അടക്കമുള്ള ഇന്നത്തെ മന്ത്രിമാര്‍ തെരുവില്‍ പ്രക്ഷോഭം നയിച്ചിരുന്നു. എന്നാല്‍ ഇന്ന് അവര്‍ വെറും കാഴ്ചക്കാരും ന്യായീകരണ തൊഴിലാളികളുമായി മാറിയിരിക്കുകയാണ്.

ബുള്ളറ്റ് ട്രെയിനിന് വേണ്ടി ചെലവാക്കുന്ന തുക രാജ്യത്തെ പണപ്പെരുപ്പം കുറക്കാന്‍ ഉപയോഗിക്കാമായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. അച്ഛേദിന്‍ ഓരോ ദിവസം ചെല്ലുംതോറും കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്.

 

Top