ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചാകാന്‍ തയ്യാറെടുത്ത് രവിശാസ്ത്രിയും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്ക് അപേക്ഷ നല്‍കി രവിശാസ്ത്രി.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ബി.സി.സി.ഐക്കും ഒരുപോലെ താല്‍പര്യമുള്ള വ്യക്തിയാണ് മുന്‍ ടീം ഡയറക്ടര്‍ കൂടിയായ രവിശാസ്ത്രി.

തന്നെ പരിശീലകനായി നിയമിക്കുമെന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമെ അപേക്ഷ സമര്‍പ്പിക്കുകയുള്ളുവെന്ന് ശാസ്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 2014 – 2016 കാലഘട്ടത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായി രവിശാസ്ത്രി അധികാരമേറ്റത്. ഈ കാലയളവില്‍ ടീം ഇന്ത്യ ഏകദിന ലോകകപ്പിലും ട്വന്റി-20 ലോകകപ്പിലും സെമിഫൈനലില്‍ എത്തിയിരുന്നു.

നായകന്‍ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അനില്‍ കുംബ്ലെ രാജിവച്ച ഒഴിവിലേക്കാണ് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

രവിശാസ്ത്രിയെ കൂടാതെ വീരേന്ദ്ര സെവാഗ്, ടോംമൂഡി, ലാല്‍ചന്ദ് രജപുത് എന്നിവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരിക്കുന്ന മറ്റ് പ്രമുഖര്‍.

Top