സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 258ന് പുറത്ത്: ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയലക്ഷ്യം. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്‌സില്‍ 258 റണ്‍സിന് ഇന്ത്യ പുറത്താക്കി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 28 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു.

ഏതാണ്ട് ഒന്നര ദിവസത്തെ കളി അവശേഷിക്കെ അനായാസ വിജയം നേടി പരമ്പര സമനിലയിലാക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയുടെ നാലു വിക്കറ്റു പിഴുത മുഹമ്മദ് ഷമിയാണ് ആതിഥേയരെ തകര്‍ത്തത് ജസ്പ്രീത് ബുമ്ര മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മ്മ രണ്ടു വിക്കറ്റും, ആര്‍ അശ്വിന്‍ ഒരു വിക്കറ്റും നേടി.

121 പന്തില്‍ 10 ബൗണ്ടറികളോടെ 80 റണ്‍സ് എടുത്ത ഡിവില്ലിയേഴ്‌സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മൂന്നാം വിക്കറ്റില്‍ ഡിവില്ലിയേഴ്‌സും, 61 റണ്‍സെടുത്ത എല്‍ഗാറും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. 141 പന്തില്‍ 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡുപ്ലേസിയാണ് ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 250 കടത്തിയത്.

Top