SFI on jishnu pranoy family

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയുടെ സമരത്തെ തള്ളിപ്പറയാന്‍ തങ്ങളില്ലെന്ന് എസ്എഫ്‌ഐ.

അച്ഛനും അമ്മയും നടത്തുന്ന സമരത്തിന്റെ വൈകാരികത എസ്എഫ്‌ഐ മനസിലാക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം വിജിന്‍ പറഞ്ഞു. മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജിന്‍ അറിയിച്ചു.

അമ്മയുടെ സമരത്തെ എസ്എഫ്‌ഐ തള്ളിപ്പറയില്ല. ആ സമരത്തോടൊപ്പമാണ് തങ്ങളെന്നും എസ്എഫ്‌ഐ വ്യക്തമാക്കി. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് തന്നെയാണ് എസ്എഫ്‌ഐ നിലപാട്. പൊലീസ് സംയമനം പാലിക്കേണ്ടിയിരുന്നില്ലേ എന്ന കാര്യവും പരിശോധിക്കണം. ആ രീതിയില്‍ അന്വേഷണം വേണമെന്നും വിജിന്‍ ആവശ്യപ്പെട്ടു.

ജിഷ്ണു പ്രണോയിക്ക് വേണ്ടി ആദ്യം ഇടപെട്ടത് എസ്എഫ്‌ഐയാണ്. ആ ഘട്ടം മുതല്‍ ശക്തമായി തന്നെ ഇടപെടുന്നുണ്ട്. ആദ്യഘട്ടത്തില്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായിരുന്നു എന്നത് വസ്തുതയാണെന്നും വിജിന്‍ പറഞ്ഞു.

കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതില്‍ ഇപ്പോള്‍ അന്വേഷണസംഘം നന്നായിത്തന്നെ ഇടപെടുന്നുണ്ട്. കിരണ്‍ നാരായണ്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇടപെടലുകള്‍ മികച്ച രീതിയിലാണ് മുന്നേറുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് എസ്എഫ്‌ഐ, കൃഷ്ണദാസിനെ വിട്ടയച്ചത് മുന്‍കൂര്‍ ജാമ്യം ഉള്ളതിനാലാണെന്നും വിജിന്‍ വ്യക്തമാക്കി.

അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പ്രസക്തമാണ്. പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയോ എന്ന് പറയേണ്ടത് ഡിജിപിയാണ്. ഇത്തരത്തില്‍ അതിക്രമമുണ്ടായതില്‍ പരിശോധിച്ച് നടപടിയെടുക്കണം. വീഴ്ച പൊലീസിന്റെ ഭാഗത്തുനിന്നാണെങ്കില്‍ പരിശോധിക്കണമെന്നും വിജിന്‍ വ്യക്തമാക്കി. അന്വേഷണം അട്ടിമറിച്ചുവെന്ന് എസ്എഫ്‌ഐയ്ക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top