എസ്.എഫ്.ഐ പതാക, വിപ്ലവ മുദ്രാവാക്യം, കാമ്പസ് ഫ്രണ്ട് ഇങ്ങനെയും ഒരു വെല്ലുവിളി !

SFI , campus front

മലപ്പുറം : മുസ്ലീം ചെറുപ്പക്കാര്‍ കൂട്ടത്തോടെ പോപ്പുലര്‍ ഫ്രണ്ടിലും എസ്.ഡി.പി.ഐയിലും ചേരുന്നതില്‍ കടുത്ത ആശങ്കയില്‍ മുസ്ലീം ലീഗ്.

അടിയന്തരമായി താഴെ തട്ടു മുതല്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തകരെ സജീവമാക്കി ഈ വെല്ലുവിളി നേരിട്ടില്ലങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

പ്രാദേശിക വിഷയങ്ങളില്‍ ഇടപെട്ട് സജീവമാകുന്നതും പെട്ടന്ന് പ്രതികരിക്കുന്നതും തീവ്ര നിലപാടുകാരായ യുവാക്കളെ സ്വാധീനിക്കുന്നതായാണ് ലീഗ് വിലയിരുത്തല്‍. പരസ്യമായി ഇക്കാര്യം അംഗീകരിക്കാന്‍ ലീഗ് നേതൃത്വം തയ്യാറല്ലങ്കിലും ഇതൊരു യാഥാര്‍ത്ഥ്യം തന്നെയാണെന്ന് മുതിര്‍ന്ന ലീഗ് നേതാവ് പറഞ്ഞു.

ആര്‍.എസ്.എസിന് ബദലായി മുന്‍പ് ഐ.എസ്.എസ് രൂപീകരിച്ചതിന് സമാനമായാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നതെന്നും ഇതിന്റെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐയും വിദ്യാര്‍ത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ടും പ്രവര്‍ത്തനം സജീവമാക്കിയത് ഗൗരവമായി കാണുന്നുണ്ടെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.
SFI , campus front

മുസ്ലീം ലീഗ് വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്.എഫിന് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലും മേഖലകളിലും കാമ്പസ് ഫ്രണ്ട് പിടിമുറുക്കുന്നതും ലീഗിനെ നോക്കുകുത്തിയാക്കി പോപ്പുലര്‍ ഫ്രണ്ട് മറ്റു സംസ്ഥാനങ്ങളില്‍ പോലും ശക്തിയാര്‍ജിക്കുന്നതും ലീഗിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ശക്തമായ കാമ്പയിന്‍ നടത്തി പോപ്പുലര്‍ ഫ്രണ്ടിനും പോഷക സംഘടനകള്‍ക്കും തടയിടാന്‍ മറ്റു മുസ്ലീം സംഘടനകളെ കൂടി കൂട്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ലീഗ് നേതൃത്വം.

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവം മുന്‍ നിര്‍ത്തി കാമ്പസ് ഫ്രണ്ടിനും പോപ്പുലര്‍ ഫ്രണ്ടിനും എതിരെ ആഞ്ഞടിച്ച് ചാനല്‍ ചര്‍ച്ചകളില്‍ ലീഗ്-എം.എസ്.എഫ് യൂത്ത് ലീഗ് നേതാക്കള്‍ സജീവമായതും നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

കേവലം ആള്‍ക്കൂട്ടം എന്നതില്‍ ഉപരി കേഡര്‍ സംവിധാന ശൈലിയും വിപ്ലവ മുദ്രാവാക്യവും കമ്യൂണിസ്റ്റുകളുടെ പോരാട്ട വീര്യവും എല്ലാം അനുകരിക്കുന്ന പോപ്പുലര്‍ ഫ്രണ്ടും പോഷക സംഘടനകളും സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും ഇപ്പോള്‍ വലിയ തലവേദനയാണ്.
SFI , campus front
അഭിമന്യുവിന്റെ കൊലപാതകം മുന്‍ നിര്‍ത്തി രാഷ്ട്രീയപരമായും നിയമപരമായും ഈ സംഘടനകളിലെ പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എമ്മും സര്‍ക്കാറും നടപടി ശക്തമാക്കിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് അനുഭാവികള്‍ പാര്‍ട്ടിയില്‍ കയറി കൂടിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തി ഒഴിവാക്കാന്‍ സി.പി.എം കീഴ്ഘടകങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അഭിമന്യു കൊലക്കേസില്‍ നൂറ് കണക്കിന് പോപ്പുലര്‍ ഫ്രണ്ട്- എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇപ്പോഴും പൊലീസ് റെയ്ഡ് തുടരുകയാണ്.

ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അതിന്റെ കേഡറുകളെ സംഭാവന ചെയ്യുന്നത് വിദ്യാര്‍ത്ഥി സംഘടനകളാണെന്നതിനാല്‍ കാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിന് വലിയ സഹായമാണ് പോപ്പുലര്‍ ഫ്രണ്ട് നേരിട്ട് നല്‍കിയിരുന്നത്. സംഘടനയുടെ രൂപീകരണം തുടങ്ങി കൊടി, മുദ്രാവാക്യം, സമര രീതി എന്നിവയില്‍ പോലും എസ്.എഫ്.ഐ ‘മാതൃക’യാണ് കാമ്പസ് ഫ്രണ്ട് (സിഎഫ്.ഐ)പിന്തുടരുന്നത്.

ശുഭ്ര പതാകയില്‍ രക്ത നക്ഷത്രവും സ്വാതന്ത്ര്യം, ജനാധിപത്യ, സോഷ്യലിസം എന്നീ വാക്കുകള്‍ അലേഖനം ചെയ്തതുമാണ് എസ്.എഫ്.ഐ പതാക.

കാമ്പസ് ഫ്രണ്ടിന്റെതാകട്ടെ ആകാശനീല പതാകയില്‍ മുകളില്‍ രക്തനക്ഷത്രവും താഴെ കാമ്പസ് ഫ്രണ്ട് എന്ന് അലേഖനം ചെയ്തിരിക്കുകയുമാണ്. മുദ്രാവാക്യത്തിലെ ‘ഇങ്ക്വിലാബ് സിന്ദാബാദും, ചോര ചാലുകള്‍ നീന്തി കയറിയതുമായ മുദ്രാവാക്യങ്ങളും ശൈലിയുമെല്ലാം’ എസ്.എഫ്.ഐയുടേതിന് സമാനമാണ്.

SFI , campus front

കാമ്പസ് യുവത്വത്തിന്റെ പോരാട്ട വീര്യം സമരമുഖങ്ങളിലൂടെ ആവാഹിച്ച് കേരളത്തിലെ കാമ്പസുകള്‍ കീഴടക്കി ജൈത്രയാത്ര തുടരുന്ന എസ്.എഫ്.ഐയുടെ പാതയില്‍ സമുദായ കരുത്ത് ഉപയോഗിച്ചാണ് കാമ്പസ് ഫ്രണ്ടിന്റെ പ്രയാണം.

അന്തര്‍ദേശീയ രാഷ്ട്രീയം മുതല്‍ പ്രാദേശിക രാഷ്ട്രീയം വരെ ചര്‍ച്ച ചെയ്തിരുന്ന കേരളത്തിലെ കാമ്പസുകളില്‍ സാമ്രാജ്വത്വത്തിനെതിരെ എസ്.എഫ്.ഐ മുന്‍പ് നടത്തിയ പ്രതിഷേധം പോലും ഇപ്പോള്‍ ‘ഏറ്റെടുത്ത് ‘ സജീവ സാന്നിധ്യമാകാന്‍ ശ്രമിക്കുന്നതും കാമ്പസ് ഫ്രണ്ട് ആണ്.

വിദ്യാര്‍ത്ഥികളുടെ വിപ്ലവ വീര്യവും സമുദായ സ്‌നേഹവും ഉപയോഗപ്പെടുത്തിയുള്ള തന്ത്രപരമായ ഈ നീക്കത്തില്‍ കോണ്‍ഗ്രസ്സ് വിദ്യാര്‍ത്ഥി സംഘടന കെ.എസ്.യുവും പകച്ചു നില്‍ക്കുകയാണ്.

എം.എസ്.എഫിനെ പോലെ കാമ്പസ് ഫ്രണ്ടിന്റെ സാന്നിധ്യത്തില്‍ വലിയ ‘നഷ്ടം’ സംഭവിച്ചുകൊണ്ടിരിക്കുന്നത് കെ.എസ്.യുവിനുംകൂടിയാണ്.

എസ്.എഫ്.ഐയെ കായികമായി പോലും നേരിടാനുള്ള ശക്തി കാമ്പസ് ഫ്രണ്ടിനാണ് എന്ന ബോധം ഉണ്ടാക്കി വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്ന നീക്കത്തെ അപകടകരമായ പ്രവണതയായാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ കാണുന്നത്.

ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണ് മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവിന്റെ കൊലപാതകമെന്നും കെ.എസ്.യു- എം.എസ്.എഫ് സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

പുറത്തു നിന്നുള്ളവരുടെ ഇടപെടലിലൂടെ നടക്കുന്ന കടന്നാക്രമണങ്ങള്‍ മുന്‍പ് പരീക്ഷിച്ച എ.ബി.വി.പിയും ആര്‍.എസ്.എസും പരാജയപ്പെട്ടതാണെന്നും കേരളത്തിലെ കാമ്പസുകള്‍ ഇതിനെ ചെറുത്ത് തോല്‍പ്പിക്കുകതന്നെചെയ്യുമെന്നും എസ്.എഫ്.ഐയും മുന്നറിയിപ്പു നല്‍കി.

Top