‘വെട്ടി തലകൾ വീഴ്ത്തണം’ എ.ബി.വി.പിയുടെ ഗാനത്തിനെതിരെ എസ്.എഫ്.ഐ രംഗത്ത്

തിരുവനന്തപുരം: എ.ബി.വി.പി വിദ്യാര്‍ത്ഥികളുടെ സിരകളില്‍ അഗ്‌നി പടര്‍ത്തുന്ന ഗാനത്തിനെതിരെ എസ്.എഫ്.ഐ രംഗത്ത്.

‘ പടപൊരുതണം . . കടലിളകണം . .വെട്ടി തലകള്‍ വീഴ്ത്തണമെന്നും ചുടു ചോര കൊണ്ട് ഇനി നമ്മള്‍ നടനമാടണ’ മെന്നുമാണ് കാവിപ്പടയുടെ വിവാദ ഗാനത്തിലെ വരികള്‍.

ഈ പാട്ടില്‍ തന്നെ അവരുടെ ലക്ഷ്യമുണ്ടെന്നാണ് എസ്എഫ്.ഐ സംസ്ഥാന സെക്രട്ടറി വിജിന്‍ ആരോപിക്കുന്നത്.

വെട്ടി തലകള്‍ വീഴ്ത്തിയത് കൊണ്ടൊന്നും കേരളത്തില്‍ എ.ബി.വി.പിക്ക് വേരുറപ്പിക്കാന്‍ കഴിയില്ല.

എ.ബി.വി.പിയടക്കം വെട്ടിവീഴ്ത്തിയ നിരവധി എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ചോരയില്‍ നിന്നും കരുത്താര്‍ജിച്ച പ്രസ്ഥാനമാണ് എസ്.എഫ്.ഐ.

ചോരകാട്ടി ഭയപ്പെടുത്താമെന്ന വ്യാമോഹം വേണ്ട, കേരളത്തിലെ കാമ്പസുകള്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ പാരമ്പര്യമുള്ള കാമ്പസാണെന്നും വിജിന്‍ പറഞ്ഞു.

അതേ സമയം ‘എ.ബി.വി.പി ചങ്ങനാശ്ശേരി ഹിന്ദു കോളജ് യൂണിറ്റിന്റെ പേരില്‍ യു ട്യൂബില്‍ അപ് ലോഡ് ചെയ്ത ഗാനം വ്യാപകമായി ഡൗണ്‍ലോഡ് ചെയ്തും മറ്റും എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇപ്പോള്‍ പ്രചരിപ്പിച്ചു വരികയാണ്.

കാമ്പസുകളില്‍ പിടിമുറുക്കാന്‍ ആര്‍.എസ്.എസ് നേതൃത്വം എ.ബി.വി.പിക്ക് നിര്‍ദ്ദേശം നല്‍കിയത് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ ഗാനവും express Kerala പ്രസിദ്ധീകരിച്ചിരുന്നു.

വിപ്ലവഗാനങ്ങളാല്‍ സമ്പന്നമായ എസ്.എഫ്.ഐക്ക് മറുപടി നല്‍കാനാണ് വിവാദ ഗാനവുമായി എ.ബി.വി.പി രംഗത്തെത്തിയത്.

ഈ ഗാനത്തിലെ അക്രമോത്സുകത എ.ബി.വി.പിക്കെതിരെ പ്രചരണമാക്കാനാണ് എസ്.എഫ്.ഐയുടെ നീക്കം.

തിരുവനന്തപുരം എം.ജി കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും കാമ്പസുകളില്‍ ഇരുവിഭാഗത്തിന്റെയും ഉളളില്‍ തീ അണഞ്ഞിട്ടില്ല.

ഈ സാഹചര്യത്തില്‍ ‘വെട്ടി തലകള്‍ വീഴ്ത്തി ചുടുചോര കൊണ്ട് നടനമാടണമെന്ന ഗാനം എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമാണെന്നാണ്’ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി അബ്ദുള്‍ ലത്തീഫ്‌

Top