സ്വര്‍ണാഭരണം മോഷണക്കേസ്, സീരിയല്‍ നടി അറസ്റ്റില്‍

arrest

തലശേരി: മലയാളി സീരിയല്‍ നടി സ്വര്‍ണാഭരണ മോഷണക്കേസില്‍ അറസ്റ്റില്‍.

സീരിയല്‍ നടി കോഴിക്കോട് സ്വദേശിനി തനൂജ(24)യാണ് അറസ്റ്റിലായത്. ബംഗളൂരുവിലെ വീട്ടില്‍ നിന്നു 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം മുങ്ങിയ ഇവരെ തലശേരിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നു പോലീസ് അറിയിച്ചു.

ബംഗളൂരുവിലെ കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍ നിന്നാണ് തനൂജ 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.

കഴിഞ്ഞ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം. മലയാളത്തിലെ ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള തനൂജ ഓഗസ്റ്റിലാണ് പയ്യന്നൂര്‍ സ്വദേശിനിയും കര്‍ണാടകയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരിയുമായ സ്ത്രീയുടെ വീട്ടില്‍ ജോലിക്കെത്തിയത്.

ഒരു മാസം കൊണ്ടുതന്നെ വീട്ടുകാരുടെ വിശ്വസ്തയായി മാറിയ തനൂജയെ സെപ്റ്റംബര്‍ 28 മുതല്‍ കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

കവര്‍ച്ചാ മുതലുകള്‍ തലശേരി പിലാക്കൂലിലെ സഹകരണ ബാങ്കിന്റെ ശാഖയില്‍ നിന്നും കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നുമായി കണ്ടെത്തി.

Top