ജയാ ബച്ചന് സീറ്റ് നല്‍കി; മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് ബിജെപിയിലേക്ക്

naresh

ലക്‌നൗ: ജയ ബച്ചന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. നരേഷിന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് ന്യൂഡല്‍ഹിയില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപനം നടത്തി. നരേഷ് അഗര്‍വാളിന്റെ മകനും എസ്പിയുടെ സിറ്റിംഗ് എംഎല്‍എയുമായ നിതിന്‍ അഗര്‍വാളും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.

നരേഷ് അഗര്‍വാളിനെ മറികടന്ന് ജയ ബച്ചന് രാജ്യസഭാ സീറ്റ് നല്‍കാന്‍ സമാജ് വാദി പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നരേഷ് അഗര്‍വാള്‍ പാര്‍ട്ടി വിട്ടത്. ദേശീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ മാത്രമേ സമൂഹത്തിനായി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന് ബിജെപിയില്‍ ചേരുന്നതു പ്രഖ്യാപിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തില്‍ നരേഷ് അഗര്‍വാള്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരില്‍ തനിക്ക് വലിയ മതിപ്പുണ്ടായെന്നും നരേഷ് കൂട്ടിച്ചേര്‍ത്തു.

പത്രസമ്മേളനത്തില്‍ എസ്പി സ്ഥാനാര്‍ഥി ജയ ബച്ചനെതിരേ വിമര്‍ശിക്കാനും നരേഷ് അഗര്‍വാള്‍ മറന്നില്ല. സിനിമയില്‍ നൃത്തം ചെയ്ത ഒരാള്‍ക്ക് സീറ്റ് നല്‍കിയതു തന്നെ വേദനിപ്പിച്ചെന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞു. നേരത്തെ, പശു സംരക്ഷണത്തിന്റെ പേരില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ഹിന്ദു ദൈവങ്ങളെ മദ്യവുമായി ബന്ധിപ്പിച്ച് ഇദ്ദേഹം നടത്തിയ പരാമര്‍ശവും ഏറെ വിവാദമായിരുന്നു.

അതേ സമയം, ബിജെപിയിലേക്ക് ചുവടുമാറുന്നതായ അഭ്യൂഹത്തെത്തുടര്‍ന്ന് അഗര്‍വാളിന് പാര്‍ട്ടി സീറ്റ് നിഷേധിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി നരേഷ് അഗര്‍വാള്‍ ചര്‍ച്ചകള്‍ നടത്തിയെന്ന അഭ്യൂഹങ്ങള്‍ ജനുവരിയില്‍ പുറത്തുവന്നിരുന്നു. എന്നാല്‍, അതൊക്കെ അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്നായിരുന്നു അഗര്‍വാളിന്റെ നിലപാട്.

Top