ഐ.പി.എസ് ഓഫീസര്‍മാരുടെ സുരക്ഷയില്‍ കേരളത്തിന്റെ നിലപാട് ഉറ്റുനോക്കി കേന്ദ്രം . .

ന്യൂഡല്‍ഹി: കേരളത്തില്‍ ഭീകര ഭീഷണി നേരിടുന്ന ഉദ്യോഗസ്ഥന്റെ സുരക്ഷ സംബന്ധമായി ഉയര്‍ന്ന വിവാദങ്ങളില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി.

ഇതാടൊപ്പം കേരളത്തിലെ മറ്റ് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സുരക്ഷ സംബന്ധമായ കാര്യങ്ങളും ഐ.ബി റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നാണ് സൂചന.

ഐ.പി.എസുകാരുടെ നിയമനങ്ങളും മറ്റും സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍പ്പെട്ട കാര്യമാണെങ്കിലും കേന്ദ്ര സര്‍വ്വീസാണ് എന്നതിനാല്‍ ഗൗരവമായാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാറിന്റെ നീക്കങ്ങളെ കാണുന്നത്.

ഐ.എ.എസുകാരെ മുഖ്യമന്ത്രി ‘ഓടിച്ച’ പോലെയാകില്ല ഐ.പി.എസുകാരെ തൊട്ടാല്‍ എന്ന് അനുഭവത്തില്‍ മനസ്സിലാക്കിക്കൊള്ളുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിരിക്കുന്ന സംവിധാനങ്ങള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ പ്രത്യേക പരിഗണന അനുഭവിച്ചതായി തോന്നുന്നില്ലത്രേ.

ജമ്മു കാശ്മീര്‍ കേഡറില്‍ നിന്നും കേരള കേഡറിലേക്ക് മാറ്റിയ കാളിരാജ് മഹേഷ് കുമാറിന് ഏര്‍പ്പെടുത്തിയ അധിക സുരക്ഷ നിഷേധിക്കാനുള്ള നീക്കം ഉണ്ടായാല്‍ കേന്ദ്രം ഇടപെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കാശ്മീരില്‍ തീവ്രവാദികളെ വെടിവച്ചു കൊന്ന കാളിരാജ് മഹേഷ് കുമാറിന്റെ ജീവന് തീവ്രവാദ സംഘടനകള്‍ ‘വില’യിട്ടതിനെ തുടര്‍ന്നാണ് പ്രത്യേക ഉത്തരവ് പ്രകാരം കേരള കേഡറിലേക്ക് ഈ ഉദ്യോഗസ്ഥന് നിയമനം നല്‍കിയിരുന്നത്.

കോഴിക്കോട് കമ്മീഷണറായ കാളിരാജ് മഹേഷ് കുമാറിന്റെ സുരക്ഷയും കുട്ടികളെ പൊലീസ് വാഹനത്തില്‍ സ്‌കൂളില്‍ കൊണ്ടുവിടുന്നതും ചില പൊലീസുകാര്‍ ഇടപെട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി വലിയ വിവാദമാക്കിയിരുന്നു.

ഐ.പി.എസുകാര്‍ക്ക് അനുവദിച്ച പൊലീസ് സംവിധാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈവച്ചതോടെ കൂട്ടത്തോടെ പൊലീസുകാര്‍ തിരിച്ച് പോയിക്കൊണ്ടിരിക്കുന്നത് കാളിരാജ് ഉള്‍പ്പെടെ ഭീഷണി നേരിടുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച് വലിയ തിരിച്ചടിയായിട്ടുണ്ട്.

പഴയ കേരളമല്ല ഇപ്പോഴത്തെ കേരളം, ശക്തമായി തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുള്ള സംസ്ഥാനമാണ്. മാവോയിസ്റ്റുകള്‍ ദക്ഷിണേന്ത്യയിലെ പ്രധാന താവളമായി കാണുന്നതും കേരളത്തെയാണ്.

മന്ത്രിമാരുടെയും ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് സേനയെ നയിക്കേണ്ട ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും കുടുംബത്തെയും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതന്‍ വ്യക്തമാക്കി.

ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ ഐ.പി.എസ് ഉദ്യാഗസ്ഥര്‍ക്കെതിരെ കടുത്ത നിലപാട് തുടര്‍ന്നാല്‍ ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന കാര്യം ചില ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

മറ്റു ചിലരാവട്ടെ ഉദ്യോഗം ഐ.പി.എസ് ആയതിനാല്‍ അവസരത്തിനായി കാത്തിരിക്കുകയുമാണത്രെ. പൊലീസുകാരിലെ ‘ഒറ്റു’കാരോടാണ് പക അത്രയും.

സല്യൂട്ടടിച്ച കൈകള്‍ തന്നെ വിലങ്ങു വെച്ച അനവധി ചരിത്രം രാജ്യത്തെ ഐ.പി.എസുകാര്‍ക്കുണ്ട് എന്നതിനാല്‍ പിണറായി സര്‍ക്കാര്‍ തീക്കൊള്ളികൊണ്ടാണ് തല ചെറിഞ്ഞതെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.

പൊലീസ് അസോസിയേഷന്റെ ചട്ടുകമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതോടെ പൊലീസ് സംവിധാനം തന്നെ താറുമാറാകുമെന്നും, ഐ.പി.എസുകാര്‍ സര്‍ക്കാറിന് എതിരായാല്‍ കേരളത്തില്‍ ‘കാര്യങ്ങള്‍’ എളുപ്പമാകുമെന്നും പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നു.

റിപ്പോര്‍ട്ട്: ടി അരുണ്‍കുമാര്‍

Top