sea , internet , 4 g

കടലിലും അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി എയര്‍ടെല്‍. തീരത്തു നിന്നു 15 കിലോമീറ്റര്‍ അകലെ കടലില്‍ 4ജി ലഭ്യമാക്കിയാണ് എയര്‍ടെല്‍ അടുത്ത ചുവടു വച്ചത്. വിശാഖപട്ടണത്തു നടക്കുന്ന രാജ്യാന്തര ഫ്‌ലീറ്റ് റിവ്യൂവിന്റെ ഭാഗമായാണു രാജ്യത്താദ്യമായി ഈ സേവനം ആരംഭിച്ചിരിക്കുന്നത്. മുന്‍പ് തീരത്തുനിന്നു രണ്ടു കിലോമീറ്റര്‍ അകലെവരെ മാത്രമേ 4ജി 3ജി സേവനം ലഭിച്ചിരുന്നുള്ളൂ.

2ജി കണക്ടിവിറ്റി മാത്രമാണു പിന്നീടു ലഭിച്ചിരുന്നത്. രാജ്യാന്തര ഫ്‌ലീറ്റ് റിവ്യൂവിന്റെ (ഐഎഫ്ആര്‍) ഭാഗമായി നാവികസേനാ അധികൃതരുടെ ആവശ്യത്തെ തുടര്‍ന്നാണു 15 കിലോമീറ്ററോളം അകലെയും 4ജി ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കിയത്.

തീരത്തു നിന്നകലെ നങ്കൂരമിട്ടിരിക്കുന്ന വിവിധ രാജ്യങ്ങളിലെ യുദ്ധക്കപ്പലുകള്‍ക്കും നാവികര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യങ്ങളും മറ്റും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം ഒരുക്കിയതെന്നു എയര്‍ടെല്‍ ആന്ധ്രാപ്രദേശ് തെലങ്കാന സിഇഒ വെങ്കിടേഷ് വിജയരാഘവന്‍ വ്യക്തമാക്കി. 24 വിദേശ യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെ തൊണ്ണൂറോളം കപ്പലുകളാണു ബംഗാള്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരിക്കുന്നത്.

പുതിയ സേവനം ഒരുക്കാന്‍ എത്ര ടവറുകള്‍ സ്ഥാപിച്ചുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. നേവല്‍ബേസ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും വിശാഖപട്ടണത്തെ തീരപ്രദേശങ്ങളിലുമെല്ലാം 4ജി സേവനം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

കടലില്‍ 4ജി ലഭിക്കുന്ന സേവനം ഐഎഫ്ആറിനു ശേഷവും തുടരാനാണു കമ്പനി അധികൃതരുടെ പ്രാഥമിക തീരുമാനം. ഡേറ്റാ ഉപയോഗവും കണക്ഷനുകളുടെ എണ്ണവുമെല്ലാം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും വെങ്കിടേഷ് പറഞ്ഞു.

Top