ഹാദിയ കേസ്;കേരള സർക്കാർ ആർ.എസ്.എസ് അജണ്ടക്ക് കൂട്ട് നിൽക്കുന്നുവെന്ന്

sdpi

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി.

ഹാദിയയുടെ മതം മാറ്റവും വിവാഹവും എന്‍ ഐ എ അന്വേഷിക്കുന്നതിന് വിരോധമില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാടെടുത്ത കേരള സര്‍ക്കാര്‍ ആര്‍.എസ്.എസ് അജണ്ടക്ക് കൂട്ടുനില്‍ക്കുകയാണെന്നാണ് അബ്ദുല്‍ മജീദ് ഫൈസിയുടെ ആരോപണം.

ആര്‍.എസ്.എസ് ഭരണകൂടത്താല്‍ നിയന്ത്രിക്കപ്പെടുന്ന എന്‍.ഐ.എ നിഷ്പക്ഷ ഏജന്‍സിയാണെന്ന് അഭിപ്രായമുണ്ടോയെന്ന് സി.പി.എം വ്യക്തമാക്കണം. തെറ്റിദ്ധാരണയും പുകമറയും സൃഷ്ടിച്ച് മത സമൂഹങ്ങള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടാക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്താനാണ് ആര്‍.എസ്.എസ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനെ സഹായിക്കുന്ന നിലപാട് സി.പി.എം ഭരണത്തിലും ആവര്‍ത്തിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്‍.ഐ.എയുടെ പരിധിയില്‍ ഉള്‍പ്പെടുന്നവയായിട്ടും ബി.ജെ.പി നേതാക്കള്‍ പ്രതികളായ കൊടുങ്ങല്ലൂരിലെ കള്ളനോട്ടടിയും മെഡിക്കല്‍ കോഴയുടെ ഭാഗമായി നടന്ന ഹവാല ഇടപാടും എന്‍.ഐ.എ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടാന്‍ പോലും പിണറായി സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അബ്ദുല്‍ മജീദ് ഫൈസി വിമര്‍ശനമുന്നയിച്ചു.

കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് കേസ് എന്‍.ഐ.എക്ക് വിടണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പിന്തുണച്ചത്. ഇത് കേരള പോലീസിന് മേലുള്ള വിശ്വാസം നഷ്ടപെടുത്തുന്ന നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top