പച്ചക്കൊടി പോയാൽ ‘പച്ചതൊടില്ലന്ന’ പേടി, നെഞ്ചിടിപ്പോടെ ലീഗ് നേതൃത്വവും അണികളും

മലപ്പുറം : നക്ഷത്രാങ്കിത ചന്ദ്രക്കലയോടുകൂടിയുള്ള പച്ചക്കൊടി നിരോധിക്കാനുള്ള ഷിയ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നെഞ്ചിടിപ്പോടെ മുസ്‌ലിം ലീഗ് നേതൃത്വം. പതാക പാക് മുസ്‌ലിം ലീഗിന്റേതാണെന്നും രാജ്യത്ത് ഹിന്ദുക്കള്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഇടയില്‍ അകാരണമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പതാകക്ക് പങ്കുണ്ടെന്നു പറഞ്ഞാണ് പതാക നിരോധിക്കാന്‍ ഷിയ വഖഫ് ബോര്‍ഡ് പ്രസിഡന്റ് വഹീം റസ്‌വി സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയിരിക്കയാണ്. ഈ സാഹചര്യത്തില്‍ കേസില്‍ കക്ഷി ചേരുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഗൗരവകരമായി ആലോചിക്കുകയാണ് മുസ്‌ലിം ലീഗ് നേതൃത്വം. ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍പോയ പി.കെ കുഞ്ഞാലിക്കുട്ടി ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ചനടത്തി.

ഡല്‍ഹിയിലുള്ള കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ്ബഷീറും കെ.എം.സി.സി നേതാവുകൂടിയായ സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാനില്‍ നിന്നും നിയമോപദേശവും നേടിയിട്ടുണ്ട്.

നേരത്തെ കേരളത്തിലെ പ്രാദേശിക പാര്‍ട്ടിയായ മുസ്‌ലിം ലീഗ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗെന്ന പേരും കോണി ചിഹ്നവും ഉപയോഗിക്കുന്നതിനെതിരെ മുന്‍ മുസ്‌ലിം ലീഗ് ദേശീയ ഭാരവാഹികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. യു.പി.എ ഭരണത്തില്‍ കേന്ദ്ര മന്ത്രിയും അന്നത്തെ ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ഇ.അഹമ്മദ് അടക്കമുള്ളവര്‍ ഇടപെട്ടതോടെയാണ് പേരും ചിഹ്നവും നഷ്ടമാകുന്ന കുരുക്കില്‍ നിന്നും ലീഗ് രക്ഷപ്പെട്ടത്.

മോദി പ്രധാനമന്ത്രിയായതോടെ പതാക നിരോധിക്കലില്‍ ലീഗിനോട് കേന്ദ്ര സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും സൗമനനസ്യം കാണിക്കാനുള്ള സാധ്യതയുമില്ല. മലബാറില്‍ നക്ഷത്രാങ്കിത ചന്ദ്രക്കലയുള്ള പതാകയാണ് സ്ത്രീകളിലടക്കം മുസ്‌ലിം മത വിശ്വാസികളില്‍ വലിയ പങ്കിനും ലീഗിനോട് ആഭിമുഖ്യമുണ്ടാവാന്‍ കാരണം. ഇത് മതചിഹ്നമായും പലരും കാണുന്നുണ്ട്.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ആത്മീയ ആചാര്യനായാണ് ലീഗ് നേതൃത്വം കാണുന്നത്. സമുദായ സംഘടനയായ എസ്.വൈ.എസ് ഇ.കെ വിഭാഗം സംസ്ഥാന പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാദിയുമാണ് ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍.

ലീഗ് സംസ്ഥാന അധ്യക്ഷനാവുന്ന പാണക്കാട് തങ്ങള്‍ കുടുംബാംഗങ്ങളാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുടുംബ പരമ്പരയില്‍പെട്ടതാണ് സയ്യിദുമാര്‍ എന്ന തങ്ങള്‍ കുടുംബമെന്നാണ് ലീഗ് അനുകൂലികളായ ഇ.കെ സമസ്ത വിഭാഗം അവകാശപ്പെടുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയുടെ സന്താന പരമ്പരയിലെ നാല്‍പ്പതാമത്തെ കണ്ണിയാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മലപ്പുറം ഖാസി ഒ.പി.എം സയിദ്മുത്തുക്കോയ തങ്ങള്‍ ലേഖനം എഴുതിയിരുന്നു.

ശിഹാബ് തങ്ങളുടെ സഹോദരനാണ് ഇപ്പോഴത്തെ ലീഗ് അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍. പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ ആത്മീയ പ്രചതിഛായയും സാമുദായിക നേതൃത്വ സ്ഥാനവുമാണ് രാഷ്ട്രീയമായി മുസ്‌ലിം ലീഗിനെ ഏറെ തുണക്കുന്നത്. ആ ആത്മീയ പ്രതിഛായ പ്രതിഫലിക്കുന്നതാണ് ലീഗിന്റെ പതാകയും. ആത്മീയ പ്രതിഛായ നഷ്ടമായാല്‍ ലീഗിന്റെ ബഹുജന അടിത്തറക്ക് അത് വിള്ളലുണ്ടാക്കുമെന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്.

റിപ്പോര്‍ട്ട് : എം വിനോദ്

Top