sc questions government over demonetised currency

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ ഡിസംബര്‍ 30ന് ശേഷം പ്രത്യേക അവസരം നല്‍കാത്തതില്‍ റിസര്‍വ് ബാങ്കിനോടും കേന്ദ്ര സര്‍ക്കാരിനോടും വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി.

അസാധുവാക്കിയ 1000,500 നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 30 ന് അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്. രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനാണ് അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഇനി അടുത്ത മാസം 11ന് വാദം കേള്‍ക്കും.

ഡിസംബര്‍ 30 ന് മുമ്പ് നോട്ട് മാറ്റി വാങ്ങാന്‍ സാധിക്കാത്തവര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കാത്തത് എന്തു കൊണ്ടാണെന്നും,വിദേശ ഇന്ത്യാക്കാര്‍ക്ക് നല്‍കിയതു പോലുള്ള പ്രത്യേക സംവിധാനം ഒരുക്കാമായിരുന്നില്ലേ എന്നും കോടതി ചോദിച്ചു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒരു കാര്യം ജനങ്ങള്‍ക്ക് അവസരം നല്‍കാതെ മറികടക്കുന്നത് കഴിവില്ലായ്മയാണെന്ന് കോടതി പറഞ്ഞു

നോട്ട് മാറ്റാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക അവസരം നല്‍കാന്‍ പാര്‍ലമെന്റ് സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ മുമ്പ് സൂചിപ്പിച്ച കാര്യം കോടതി ഓര്‍മിപ്പിച്ചു. എന്നാല്‍ അങ്ങനെ ചെയ്യുന്നത് ഉചിതമായിരിക്കില്ലെന്നാണ് കരുതിയതെന്നാണ് അറ്റോര്‍ണി ജനറല്‍ ഇന്ന് കോടതിയില്‍ അറിയിച്ചത്.

നോട്ട് മാറാന്‍ മാര്‍ച്ച് 31 വരെ സമയമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഡിസംബര്‍ 30 വരെയെന്നാണ് നിയമം അനുശാസിക്കുന്നത്. നിയമത്തിനാണ് നിലനില്‍പ്. അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.

Top