തടവ് ശിക്ഷക്കെതിരെ ജസ്റ്റീസ് കര്‍ണന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആറ് മാസത്തെ തടവിന് ശിക്ഷിച്ച സുപ്രീംകോടതി വിധിക്കെതിരേ ജസ്റ്റീസ് കര്‍ണന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാറാണ് അപേക്ഷ പരിഗണിക്കാമെന്ന് അറിയിച്ചത്.

തടവ് ശിക്ഷ വിധിച്ച ഉത്തരവിനെതിരേ സുപ്രീംകോടതിയെ വീണ്ടും സമീപിക്കാന്‍ കര്‍ണന്‍ തീരുമാനിച്ചെങ്കിലും പ്രമുഖ അഭിഭാഷകരാരും കേസ് ഏറ്റെടുക്കാന്‍ തയാറായില്ല. പിന്നീട് ഇന്ന് കോടതി പിരിയുന്നതിന് തൊട്ടുമുന്‍പ് കര്‍ണന്റെ അഭിഭാഷകന്‍ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷ ആറ് മാസത്തേയ്ക്ക് സ്റ്റേ ചെയ്യണമെന്നും കോടതിയലക്ഷ്യമെന്ന നിയമം തന്നെ തെറ്റാണെന്നും കര്‍ണന്‍ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

അപേക്ഷ പരിഗണിക്കാമെന്ന് കോടതി സമ്മതിച്ചെങ്കിലും കര്‍ണനെതിരേ വിധിച്ച ശിക്ഷ ഇപ്പോഴും നിലനില്‍ക്കുകയാണ്. അതിനാല്‍ ഏത് നിമിഷവും പശ്ചിമ ബംഗാള്‍ പോലീസ് കര്‍ണനെ അറസ്റ്റ് ചെയ്‌തേക്കാം.

Top