sc asks centrel govt to link all mobile numbers to aadhaar within one year

Mobile Phone

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഒരു വര്‍ഷത്തിനകം എല്ലാ മൊബൈല്‍ കണക്ഷനുകളുടെയും വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

മൊബൈല്‍ കണക്ഷനുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തടയുന്നതിനുവേണ്ടിയാണ്. രാജ്യത്ത് മൊബൈല്‍ വരിക്കാരുടെ എണ്ണം ഇതിനകം 100 കോടി പിന്നിട്ടു. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ അടക്കമുള്ള എല്ലാ വരിക്കാരും നിര്‍ബന്ധമായും സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണം.

ഇതിനായി റീച്ചാര്‍ജുകള്‍ നടത്തുന്ന സന്ദര്‍ഭത്തില്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. പുതിയ കണക്ഷന്‍ നല്‍കുന്നതിനും മറ്റും നിലവിലുള്ള തിരിച്ചറിയല്‍ നടപടിക്രമങ്ങളില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍, ജസ്റ്റിസ് എന്‍.വി.രമണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് സംതൃപ്തി പ്രകടിപ്പിച്ചു.

ലോക് നീതി ഫൗണ്ടേഷന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. മൊബൈല്‍ ഫോണ്‍ വരിക്കാരെ കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ രാജ്യസുരക്ഷയ്ക്കുപോലും ഭീഷണിയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Top