SC allows 24-week pregnant woman to abort foetus with undeveloped skull

ന്യൂഡല്‍ഹി: വളര്‍ച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. മുംബൈ സ്വദേശിയായ 22 കാരിയുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

തലയോട്ടി വളര്‍ന്നിട്ടില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ അനുവദിക്കണമെന്നും ഇത് തന്റെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്.

മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ ചികിത്സ. ഈ ആശുപത്രിയിലെ ഏഴംഗ വിദഗ്ധ ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും കൂടി ചേര്‍ത്താണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എസ്.എ.ബോബ്ദെ, ജസ്റ്റിസ് എല്‍.നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

യുവതിയുടെ ഹര്‍ജി അന്വേഷിക്കാന്‍ ഏഴു ഡോക്ടര്‍മാരടങ്ങിയ ബോര്‍ഡിനേയും സുപ്രീംകോടതി നിയോഗിച്ചിരുന്നു.

പരാതിക്കാരിയുടെ ജീവന്‍ സംരക്ഷിക്കാനുള്ള അവകാശം മുന്‍ നിര്‍ത്തി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് അനുസരിച്ച് ഭ്രൂണഹത്യക്ക് അനുമതി നല്‍കുകയാണെന്നാണ് കോടതി അറിയിച്ചത്.

ഭ്രൂണഹത്യാനുവാദം 24 ആഴ്ച ആക്കാനും പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രസവത്തിന് മുമ്പുള്ള ഏതുസമയത്തും ഭ്രൂണഹത്യ നടത്താമെന്നുമുള്ള സര്‍ക്കാരിന്റെ പുതിയ എം.ടി.പി. നിയമ പരിഷ്‌കരണം വരാനിരിക്കെയാണ് സുപ്രീം കോടതിയുടെ വിധി.

Top