എസ്ബിഐ ഏഴായിരത്തോളം ജീവനക്കാരെ ഒഴിവാക്കാനൊരുങ്ങുന്നു

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു.

2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 6,622 ജീവനക്കാരെയാണ് എസ്ബിഐ ഒഴിവാക്കുന്നത്. വിആര്‍എസ് വഴിയാണ് പദ്ധതി നടപ്പാക്കുക.

കൂടാതെ, ബാങ്ക് ലയനവും ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് 10000ല്‍ അധികം ജോലിക്കാരെ വിവിധ തസ്തികകളിലേക്ക് നേരത്തെ മാറ്റി നിയമിച്ചിരുന്നു.

ഓഗസ്റ്റ് ആറ് വരെയുള്ള കണക്ക് പ്രകാരം ഒരേ സ്ഥലത്തുതന്നെയുള്ള 594 ശാഖകളാണ് ലയിപ്പിച്ചത്. ഇതിലൂടെ 1,160 കോടി രൂപ പ്രതിവര്‍ഷം ലാഭിക്കാമെന്നാണ് എസ്ബിഐ കരുതുന്നത്.

അഞ്ച് അനുബന്ധ ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കുമാണ് എസ്ബിഐയില്‍ ലയിച്ചത്. ഒരേ നഗരത്തില്‍ ഒരേ സ്ഥലത്ത് ബാങ്കിന്റെ വിവിധ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കാനാണ് ഈ ലയനം.

ബാങ്കിന്റെ വിവിധ ശാഖകള്‍ നിര്‍ത്തലാക്കുന്നതാണ് ജീവനക്കാരുടെ എണ്ണത്തെ കുറയ്ക്കാന്‍ നിര്‍ബന്ധിതമാക്കിയത്. ബാങ്ക് ലയനത്തെ തുടര്‍ന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ള പൊതുമേഖല സ്ഥാപനമായി എസ്ബിഐ മാറിയിരുന്നു.

Top