ഭവന ,വാഹന വായ്പ പലിശ നിരക്കുകള്‍ കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

SBI

മുംബൈ: എസ്ബിഐ ഭവന വാഹന വായ്പ പലിശ നിരക്കുകള്‍ കുറച്ചു.

ഭവന വായ്പയുടെത് 8.30 ശതമാനവും വാഹന വായ്പയുടേത് 8.70 ശതമാനവുമാണ് പുതിയ നിരക്കുകൾ.

ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്ന ബാങ്കായി എസ്ബിഐ മാറി. നവംബര്‍ ഒന്നുമുതല്‍ നിരക്കുകള്‍ പ്രാബല്യത്തിലായതായി എസ്ബിഐ അറിയിച്ചു.

പുതിയതായി വായ്പ എടുക്കുന്നവര്‍ക്കാണ് പലിശ കുറച്ചതിന്റെ ആനുകൂല്യം ഉടനെ ലഭിക്കുക.

മാര്‍ജിനല്‍ കോസ്റ്റ് ഫണ്ട് (എംസിഎല്‍ആര്‍)അടിസ്ഥാനമാക്കിയുള്ള നിരക്ക് നിശ്ചയിക്കല്‍ പ്രകാരം നിശ്ചിത കാലയളവ് വരെ പഴയ നിരക്ക് തുടരും.

നിരക്ക് നിശ്ചയിയിച്ചതിന് ശേഷം നിലവില്‍ വായ്പയെടുത്തവര്‍ക്കും പലിശ കുറച്ചതിന്റെ ആനുകൂല്യം ലഭിക്കൂ.

ഇതുപ്രകാരം ശമ്പള വരുമാനക്കാരായ വനിതകള്‍ക്ക് 30 ലക്ഷംവരെയുള്ള ഭവന വായ്പയ്ക്ക് 8.30 ശതമാനമാണ് പലിശ നല്‍കേണ്ടിവരിക. 75 ലക്ഷംവരെയുള്ള വായ്പകള്‍ക്ക് 8.40 ശതമാനമാണ് പലിശ.

വാഹന വായ്പയ്ക്ക് 8.70 മുതല്‍ 9.20 ശതമാനംവരെയാണ് പലിശ. നേരത്തെ ഇത് 8.75 മുതല്‍ 9.25 ശതമാനംവരെയായിരുന്നു.

വായ്പ തുക, വ്യക്തികളുടെ ക്രഡിറ്റ് സ്‌കോര്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പലിശയിലെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുക.

ഭവന വായ്പയ്ക്ക് 8.30 ശതമാനം പലിശയ്ക്കുപുറമെ യോഗ്യരായവര്‍ക്ക് പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2.67 ലക്ഷം രൂപയുടെ സബ്‌സിഡിയും ലഭിക്കും.

Top