പുരുഷന്മാരുടെ അനുമതി വേണ്ട; സൗദിയിലെ സ്ത്രീകള്‍ ബിസിനസ് രംഗത്തേക്ക്

soudhi

റിയാദ്: സൗദിയിലെ സ്ത്രീകള്‍ക്ക് ഇനി മുതല്‍ ഭര്‍ത്താവിന്റെയോ മറ്റ് പുരുഷ ബന്ധുക്കളുടെയോ അനുമതി വാങ്ങാതെ വ്യവസായ രംഗത്തേക്ക് പ്രവേശിക്കാം. സ്വന്തമായി എന്തെങ്കിലും വ്യവസായം തുടങ്ങുന്നതിന് ഭര്‍ത്താവിന്റെയോ കുടുംബത്തെ മറ്റ് പുരുഷന്മാരുടെയോ അനുമതിക്ക് കാത്തു നില്‍ക്കേണ്ടെന്നാണ് സൗദി ഭരണകൂടത്തിന്റെ ഉത്തരവ്.

സ്വകാര്യമേഖലയുടെ വളര്‍ച്ചയും സ്ത്രീ ശാക്തീകരണവും ലക്ഷ്യം വച്ചുള്ളതാണ് പുതിയ തീരുമാനമെന്നാണ് വിവരം. വ്യവസായ രംഗത്തേക്ക് സ്ത്രീകള്‍ക്ക് കടന്ന് വരണമെങ്കില്‍ ഭര്‍ത്താവിന്റെയോ, ബന്ധുക്കളായ മറ്റ് പുരുഷന്മാരുടെയോ പിന്തുണ വേണമെന്നായിരുന്നു വര്‍ഷങ്ങളായി സൗദിയില്‍ നിലനിന്നിരുന്ന നിയമം. ഈ പിന്തുണയും സമ്മതവും രേഖാമൂലം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുകയും വേണം. എങ്കില്‍ മാത്രമേ സൗദിയിലെ ഒരു സ്ത്രീക്ക് ബിസിനസ് തുടങ്ങാന്‍ സാധിക്കുകയുള്ളു.

രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ക്രൂഡ് ഓയില്‍ വരുമാനത്തെ അമിതമായി ആശ്രയിക്കേണ്ടി വരുന്നതാണ് സ്വകാര്യമേഖലയെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കാന്‍ സൗദി ഭരണകൂടത്തെ നിര്‍ബന്ധിതമാക്കിയതെന്നാണ് സൂചന. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്.

സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുന്നതിനും ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നതിനും സമീപകാലത്ത് സൗദി ഭരണകൂടം അനുമതി നല്‍കിയിരുന്നു. രാജ്യത്തെ അന്വേഷണ ഏജന്‍സികളില്‍ വനിതാ അന്വേഷണ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും കഴിഞ്ഞ ദിവസം ഭരണകര്‍ത്താക്കള്‍ വ്യക്തമാക്കിയിരുന്നു.

Top