സൗദിയില്‍ ഭക്ഷണം പാഴാക്കിയാല്‍ ശിക്ഷ; നിയമം ശൂറ കൗണ്‍സില്‍ ഉടന്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്ന്

food-waste

ജിദ്ദ: സൗദി അറേബ്യയില്‍ ഭക്ഷണം പാഴാക്കുന്നത് ശിക്ഷാര്‍ഹമാക്കാന്‍ ഒരുങ്ങി ഭരണകൂടം. ഇതുസംബന്ധിച്ച കരട് നിയമം ശൂറ കൗണ്‍സില്‍ ഉടന്‍ ചര്‍ച്ചക്കെടുക്കുന്നതാണ്. ഒപ്പം ഹോട്ടലുകളിലും ആഘോഷവേദികളിലും ഭക്ഷണം പാഴാക്കുന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ബില്‍ തുകയുടെ 20 ശതമാനം വരെ പിഴ ഈടാക്കാനുള്ള തീരുമാനവുമുണ്ട്.

പാര്‍ട്ടികള്‍, ചടങ്ങുകള്‍, ആഘോഷങ്ങള്‍ എന്നിവയില്‍ ഭക്ഷണം പാഴാക്കിയാല്‍ സ്ഥാപനങ്ങള്‍ക്കോ ഉടമകള്‍ക്കോ 15 ശതമാനമായിരിക്കും പിഴ ലഭിക്കുന്നത്. പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള രാജ്യമാണ് സൗദി അറേബ്യ.

നിലവില്‍ രാജ്യത്ത് പാചകം ചെയ്യപ്പെടുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും പാഴാക്കപ്പെടുന്ന സ്ഥിതിയാണ് നില നില്‍ക്കുന്നത്. 115 കിലോ എന്ന ആഗോള ശരാശരി നിലനില്‍ക്കുമ്പോള്‍ സൗദിയില്‍ വര്‍ഷത്തില്‍ 250 കിലോ ഭക്ഷണമാണ് ഒരോരുത്തരും പാഴാക്കുന്നത്. ഇതുവഴി പ്രതിവര്‍ഷം 49 ശതകോടി റിയാലിന്റെ നഷ്ടമാണ് സംഭവിക്കുന്നത്.

Top