പാശ്ചാത്യ രാജ്യങ്ങളെ വെല്ലുവിളിച്ച് സൗദി ; നീതിയുടെ ഭാഗത്ത് ഖത്തര്‍

ദോഹ: അന്താരാഷ്ട്ര തലത്തില്‍ വന്‍ ശക്തിയെന്ന് തെളിയിക്കാനായി പുതിയ വെല്ലുവിളി ഉയര്‍ത്തുന്ന നടപടികളുമായി സൗദി അറേബ്യ.

അടുത്തിടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടല്‍ നടത്തിയെന്നാരോപിച്ച് കാനഡയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച സൗദി നടപടി രാജ്യാന്തര സമൂഹത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണിപ്പോള്‍.

അന്യായമായി തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് കാനഡ ആവശ്യപ്പെട്ടതിന്റെ പേരിലാണ് സൗദി കാനഡയുമായുള്ള നയതന്ത്രബന്ധം റദ്ദാക്കി കാനേഡിയന്‍ അംബാസിഡറെ പുറത്താക്കുകയും സൗദി അംബാസിഡറെ പിന്‍വലിക്കുകയും ചെയ്തത്.

കാനഡയിലുള്ള വിദ്യാര്‍ത്ഥികളെ സൗദി തിരികെ വിളിക്കുകയും അവര്‍ക്ക് ബ്രിട്ടന്‍ , അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഉപരിപഠനത്തിന് അവസരമൊരുക്കുമെന്നും അറിയിച്ചിരുന്നു.

പാശ്ചാത്യ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തില്‍ സൗദി ഇത്തരം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത് ആദ്യമായല്ല. ലെബനനിലെ
രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചും , മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും, സംസാരിച്ച ജര്‍മ്മനിയെയും സ്റ്റോക്ക്‌ഹോംമിനെയും വെല്ലുവിളിച്ച സൗദി സ്ഥാനപതിമാരെ തിരികെ വിളിച്ചിരുന്നു.

എന്നാല്‍ മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് പറയുന്ന സൗദിയാണ് സഖ്യ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തി പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. സൗദിയുടെ ഈ നടപടി രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്ന് ഖത്തര്‍ ശക്തമായി വിശ്വസിക്കുന്നുണ്ട്.

ഉപരോധ രാജ്യങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മറ്റു രാഷ്ട്രങ്ങളുടെ പരമാധികാരത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവരുടെ നയങ്ങളെ ബഹുമാനിക്കുന്നുവെന്നും ഖത്തര്‍ വ്യക്തമാക്കുന്നു.

ഖത്തറിനെ ഉപരോധിച്ച സഖ്യ രാഷ്ട്രങ്ങളായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ബഹ്‌റൈനുമാണ് കാനഡയ്‌ക്കെതിരെയുള്ള സൗദിയുടെ പുതിയ നീക്കത്തിനും ചുക്കാന്‍ പിടിച്ചിരിക്കുന്നത്. അവര്‍ പിന്തുടരുന്ന ഇരട്ട നയത്തിന് ഉദാഹരണമാണ് ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാ മേഖലയിലും ഖത്തറിനെതിരെ ഉപരോധം ശക്തമാക്കിയപ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഖത്തര്‍ തകരുമെന്നും പുതിയ നിയമങ്ങള്‍ക്ക് കീഴ്‌പ്പെടുമെന്നുമാണ് സൗദി സഖ്യ രാജ്യങ്ങള്‍ ചിന്തിച്ചിരുന്നത്.

എന്നാല്‍ ഇതിന് വിപരീതമായാണ് ഖത്തര്‍ തിരിച്ചടിച്ചത്. ഉപരോധത്തെ മറികടന്ന് ലോകരാജ്യങ്ങള്‍ക്കൊപ്പം ഖത്തര്‍ സ്വയം പര്യപ്തത കൈവരിച്ചു. ഒരു പക്ഷെ ഉപരോധം ഖത്തറിന് പുതിയൊരു മുഖം നല്‍കുകയായിരുന്നു.

രാജ്യത്തിന് വേണ്ടി ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്ന ഖത്തര്‍ ആമിര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍താനി ഭരണത്തില്‍ ഖത്തറിന്റെ സഞ്ചാരം ശരിയായ ദിശയിലാണെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ സൂചനയാണ് 2022 ഫുട്‌ബോള്‍ ലോകകപ്പിനും , 2020 അറബ് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനും ഖത്തര്‍ വേദിയാകുന്നത്.

Top