വസ്ത്ര സ്വാതന്ത്രം നേടി സൗദി വനിതകൾ ; പര്‍ദ്ദ ധരിക്കണമെന്ന നിബന്ധനയില്‍ ഇളവ്

saudi-womens

റിയാദ്‌: സൗദി അറേബ്യയില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധനയില്‍ ഇളവ് വരുത്താന്‍ ഒരുങ്ങുന്നു. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ഇനി മുതല്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധന ഉണ്ടാകില്ലെന്ന് മുതിര്‍ന്ന പണ്ഡിതരുടെ കൗണ്‍സില്‍ അംഗമായ ഷെയ്ഖ് അബ്ദുള്ള അല്‍ മുത്‌ലഖ് അറിയിച്ചു.

സൗദി സമൂഹത്തെ ആധുനികവല്‍ക്കരിക്കുന്നതിനും, സ്ത്രീകള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവു വരുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നടപടി.മാന്യമായ വസ്ത്രം ധരിക്കുക മാത്രമാണ് ഇസ്ലാം വിശ്വാസത്തില്‍ പറയുന്നതെന്നും, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ഉന്നത പണ്ഡിത സഭാ അംഗവുമായ ശൈഖ് ഡോ. അബ്ദുല്ല അല്‍ മുത്‌ലഖ് പറഞ്ഞു.

സ്ത്രീകള്‍ പര്‍ദ മാത്രമേ ധരിക്കാന്‍ പാടുള്ളൂ എന്ന് ശഠിക്കരുതെന്നും, മാന്യമായ ഏത് വസ്ത്രവും സ്ത്രീകള്‍ക്ക് ധരിക്കാമെന്നും, സ്ത്രീകളുടെ ശരീരം മറയുന്ന വസ്ത്രം ധരിക്കണമെന്നാണ് ഇസ്ലാമിക ശരീ അത്തിന്റെ നിര്‍ദേശമെന്നും ശൈഖ് ഡോ. അബ്ദുല്ല അല്‍ മുത്‌ലഖ് വ്യക്തമാക്കി.

കൂടാതെ സ്ത്രീകള്‍ മുഖം മറയ്ക്കുന്നത് ഇസ്ലാമികമല്ലെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ പര്‍ദ്ദ ധരിക്കണമെന്ന നിയമത്തിന് ഇതോടെ ഇളവ് വരികയാണ്.

Top