സത്യന്‍ അന്തിക്കാട്-ഫഹദ് ചിത്രം ‘ഞാന്‍ പ്രകാശന്‍’

sathyan

ത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ‘ഞാന്‍ പ്രകാശന്‍’ എന്ന് പേരിട്ടു. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്രീനിവാസനാണ്.

നമുക്ക് ചുറ്റും കാണുന്ന ഒരു ടിപ്പിക്കല്‍ മലയാളി യുവാവായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. സത്യന്‍ അന്തിക്കാട് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. നിഖില വിമലാണ് ഫഹദിന്റെ നായികയായെത്തുന്നത്. ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സബിതാ നന്ദ്, മഞ്ജു(മറിമായം ഫെയിം) എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംഗീതം നല്‍കുന്നത് ഷാന്‍ റഹ്മാനാണ്. എസ് കുമാറാണ് ഛായാഗ്രാഹകന്‍. പാലക്കാടും കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രകാശനും സലോമിയും ഗോപാൽജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതൽ അവർക്ക് ജീവൻ വെച്ചു തുടങ്ങുകയാണ്.

എസ് കുമാറിന്റെ ക്യാമറയ്ക്ക് മുന്നിൽ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാൽജിയായി ശ്രീനിവാസനും വന്നു.

പ്രകാശനാണ് ഈ കഥയുടെ ജീവൻ. നമുക്ക് ചുറ്റും നമ്മൾ എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവ്.

ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ തന്റെ പേര് ‘പി.ആർ.ആകാശ് ‘ എന്ന് പരിഷ്കരിച്ചിരുന്നു. ഞങ്ങൾ പക്ഷേ ഗസറ്റിനെയൊന്നും ആശ്രയിക്കുന്നില്ല.

സിനിമയ്ക്ക് “ഞാൻ പ്രകാശൻ” എന്ന് പേരിടുന്നു.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങൾ ഇനി ക്യാമറയിൽ പതിഞ്ഞു തുടങ്ങുകയാണ്. പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ ഒരു സിനിമയൊരുക്കാൻ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഫഹദ് ഫാസിൽ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യവും.

“ഞാൻ പ്രകാശൻ” ഒരു നല്ല അനുഭവമായി മാറ്റാൻ ആത്മാർഥമായി ശ്രമിക്കും എന്നു മാത്രം വാക്ക് തരുന്നു.

Top