വിമാനങ്ങളെ നിരീക്ഷിക്കാന്‍ ഉപഗ്രഹാധിഷ്ഠിത സംവിധാനവുമായി മലേഷ്യന്‍ എയര്‍ലൈന്‍സ്

malesian airlines

ക്വാലാലംപൂര്‍: ലോകത്ത് എവിടെയും സഞ്ചരിക്കുന്ന വിമാനങ്ങള്‍ ഓരോ മിനിറ്റിലും നിരീക്ഷിക്കുന്നതിനായി ഉപഗ്രഹാധിഷ്ഠിത സംവിധാനവുമായി മലേഷ്യന്‍ എയര്‍ലൈന്‍സ്. എയറിയോണ്‍, ഫ്‌ളൈറ്റ് അവേര്‍, സിറ്റ ഓണ്‍ എയര്‍ എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായാണ് ഇത് നടപ്പില്‍വരുന്നത്.

മൂന്നുവര്‍ഷം മുമ്പ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 370 വിമാനം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായതിനേതുടര്‍ന്ന് യാത്രാ വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഉപഗ്രഹ നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. ഇത്തരത്തില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യത്തെ വിമാനക്കമ്പനി ആവുകയാണ് മലേഷ്യന്‍ എയര്‍ലൈന്‍സ്.

വിമാനങ്ങളുടെ സ്ഥാനം കണ്ടെത്തുന്നതിനുള്ള റഡാര്‍ സംവിധാനത്തിനു ശേഷമുള്ള ഏറ്റവും സുപ്രധാനമായ സംവിധാനമാണിതെന്ന് കമ്പനി വക്താവ് പറഞ്ഞു.

വിമാനത്തിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിക്കുന്നതിന് ഉപഗ്രങ്ങള്‍ ചേര്‍ന്ന ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തപ്പെടുന്നത് ആദ്യമായാണ്. സമുദ്രത്തിനു മുകളില്‍ക്കൂടിയോ മരുഭൂമിക്കു മേലെ കൂടിയോ ധ്രുവപ്രദേശങ്ങളിലോ എവിടെയായാലും ഇതിലൂടെ വിമാനങ്ങളുടെ സ്ഥാനനിര്‍ണയം സാധ്യമാകും.

ഇറിഡിയം എന്ന കമ്പനി അടുത്ത വര്‍ഷം വിക്ഷേപിക്കുന്ന 66 ഉപഗ്രങ്ങളുടെ ശൃംഖലയാണ് ഈ സംവിധാനം യാഥാര്‍ഥ്യമാക്കുന്നത്. ഈ ഉപഗ്രഹങ്ങളിലുള്ള റിസീവര്‍ ഉപയോഗിച്ച് വിമാനങ്ങളുടെ സ്ഥാനം നിര്‍ണയിക്കുകയും വിമാനക്കമ്പനികളുടെ നിരീക്ഷണ സംവിധാനത്തിലേയ്ക്ക് എത്തിക്കുകയും ചെയ്യും. എഡിഎസ്-ബി (automatic dependent surveillance-broadcast technology) എന്നാണ് ഇത് അറിയപ്പെടുന്നത്.

2014 മാര്‍ച്ച് എട്ടിനാണ് 239 പേരുമായി ക്വാലാലംപൂരില്‍ നിന്ന് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 370 ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍വെച്ച് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്. ഈ സംഭവത്തെ തുടര്‍ന്ന് ലോകത്തെമ്പാടുമുള്ള കമ്പനികള്‍ വിമാനങ്ങളുടെ നിരീക്ഷണത്തിന് കൂടുതല്‍ കാര്യക്ഷമമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്.Related posts

Back to top