ശശികലയ്ക്ക് അടുത്ത കുരുക്ക് ; കണക്കില്‍പ്പെടാത്ത 1,430 കോടി രൂപയുടെ വരുമാനം കണ്ടെത്തി

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികലയുടെയും കുടുംബാംഗങ്ങളുടെയും വീടുകളിലും ജയ ടിവിയുടെ ഓഫിസിലും ആദായനികുതി വകുപ്പു നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 1,430 കോടി രൂപയുടെ വരുമാനം കണ്ടെത്തി.

ആദായനികുതി വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏഴു കോടി രൂപ പണമായും അഞ്ചു കോടിയുടെ സ്വര്‍ണവും വജ്രാഭരണങ്ങളുടെ വന്‍ശേഖരവും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ മൂല്യം കണക്കാക്കി വരുന്നതേയൂള്ളൂ. ഇതിനായി വജ്രാഭരണ രംഗത്തെ വിദഗ്ധരെ വിളിച്ചുവരുത്തിയിട്ടുണ്ട്.

ഇപ്പോള്‍ കണ്ടെത്തിയ കണക്ക് അന്തിമമല്ലെന്നും രേഖകളെല്ലാം വിശദമായി പരിശോധിച്ചു കഴിയുമ്പോള്‍ വലിയ വ്യത്യാസം വന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

മാത്രമല്ല, ശശികലയുടെ കുടുംബാംഗങ്ങളുടെ പേരില്‍ നിരവധി വ്യാജ കമ്പനികള്‍ പടുത്തുയര്‍ത്തിയിരിക്കുന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും, ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ധാരാളം രേഖകളും കണ്ടെടുത്തവയില്‍പ്പെടുന്നുണ്ടെന്നും, ഇവ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്, പുതുച്ചേരി, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലായി 187 സ്ഥലങ്ങളില്‍ അഞ്ചു ദിവസമായാണു റെയ്ഡ് നടത്തിയത്.

ശശികല, സഹോദരപുത്രനും അണ്ണാ ഡിഎംകെ വിമതനേതാവുമായ ടി.ടി.വി.ദിനകരന്‍ എന്നിവരുടെ വീടുകളിലും ഇവരുടെ നിയന്ത്രണത്തിലുള്ള പാര്‍ട്ടി ചാനലായ ജയ ടിവി, മുഖപത്രമായ നമത് എംജിആര്‍ എന്നിവയുടെ ഓഫിസുകളിലും ജയലളിതയുടെ വേനല്‍ക്കാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റിലും പരിശോധന നടത്തി.

ഇതിനിടെ, ജയലളിതയുടെ വില്‍പത്രം തേടിയാണു റെയ്ഡ് എന്ന അഭ്യൂഹവും ശക്തി പ്രാപിച്ചിട്ടുണ്ട്.

നോട്ട് നിരോധനത്തിനു ശേഷമുള്ള ‘ഓപ്പണ്‍ ക്ലീന്‍ മണി’യുടെ ഭാഗമായാണു റെയ്ഡ് എന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.

Top