ശശികലയുടെ ജയില്‍ സുഖവാസം; ഡിഐജി രൂപയ്ക്ക് സ്ഥലം മാറ്റം

roopa

ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ ശശികലയ്ക്ക് ലഭിക്കുന്നത് വിഐപി പരിചരണമാണെന്ന ആരോപണമുയര്‍ത്തിയ ഡിഐജി രൂപയ്ക്ക് സ്ഥലം മാറ്റം.

ശശികല ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കാന്‍ രണ്ട് കോടി രൂപ കോഴയായി ജയിലധികൃതര്‍ക്ക് നല്‍കിയെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് മാധ്യമങ്ങളോടു പ്രസിദ്ധപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് രൂപയ്‌ക്കെതിരേ സര്‍ക്കാര്‍ സ്ഥലം മാറ്റ നടപടിയെടുത്തിരിക്കുന്നത്. ഗതാഗത വകുപ്പിലേക്കാണ് പുതിയ നിയമനം.

ജയിലില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്യാനായി പ്രത്യേക അടുക്കളയും സഹായകളായി രണ്ട് തടവുപുള്ളികളെയും സൗകര്യം ചെയ്തു നല്‍കുന്നുണ്ട്. മാത്രമല്ല ഇത്തരം സൗകര്യങ്ങള്‍ മുദ്രപത്ര അഴിമതിയില്‍ ശിക്ഷിക്കപ്പെട്ട അബ്ദുള്‍ കരീമിനും ലഭിക്കുന്നുണ്ട്.

25 ജയില്‍പുള്ളികളെ പരിശോധനയക്ക് വിധേയമാക്കിയപ്പോള്‍ 18 പേര്‍ ലഹരി മരുന്ന് ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് ജയില്‍ ഡിജിപി എച്ച് എസ് എന്‍ റാവുവിനാണ് നല്‍കിയത്.

ചട്ടവിരുദ്ധമായ നടപടിയാണ് രൂപയുടേതെന്നും മറ്റേതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥനെ അവര്‍ക്കു സമീപിക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.

ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നോട്ടീസ് അയക്കുകയും ചെയ്തു.

അതേസമയം, ജയിലിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് താന്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആരോപണങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത് താനല്ലെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു രൂപയുടെ വിശദീകരണം.Related posts

Back to top