സന്തോഷ് ട്രോഫി ; മണിപ്പൂരിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം

Santhosh Trophy Kerala

കൊല്‍ക്കത്ത : സന്തോഷ് ട്രോഫി മത്സരത്തില്‍ മണിപ്പൂരിനെതിരെ കേരളം എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് വിജയിച്ചു. ജിതിന്‍ ഗോപാലന്‍ ഹാട്രിക്കും അഫ്ദാല്‍, രാഹുല്‍ കെ പി, ജിതിന്‍ എം എസ് എന്നിവരുടെ മികച്ച സ്‌കോറുകളുമാണ് കേരളത്തെ വിജയത്തില്‍ എത്തിച്ചത്.

ആദ്യ പകുതിയില്‍ കേരളവും മണിപ്പൂരും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല. ഗോള്‍ കീപ്പര്‍ സലിം ദിനകുമാറിനെ പിന്‍വലിച്ച് മണിപ്പൂര്‍ ബോംബോം സിംഗിനെ കളത്തിലിറക്കി.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കേരളം ആദ്യത്തെ ഗോളടിച്ചു. പകരക്കാരനായി കളത്തിലിറങ്ങിയ അഫ്ദാലാണ് കേരളത്തെ മത്സരത്തില്‍ മുന്നിലെത്തിച്ചത്. 59ാം മിനുട്ടില്‍ കേരളം രണ്ടാം ഗോള്‍ നേടി. രാഹുല്‍ കെ പിയാണ് കേരളത്തിന്റെ രണ്ടാം ഗോള്‍ നേടിയത്.

61ാം മിനുട്ടില്‍ ജിതിന്‍ ഗോപാലാണ് മൂന്നാമത്തെ ഗോള്‍ മണിപ്പൂര്‍ വലയിലാക്കിയത്. 70ാം മിനുട്ടില്‍ അനുരാഗിനെ പിന്‍വലിച്ച് കേരള ശ്രീകുട്ടനെ കളത്തിലിറക്കി. തൊട്ടടുത്ത നിമിഷത്തില്‍ കേരളം ലീഡ് നാലാക്കി ഉയര്‍ത്തി. കേരളാ പകുതിയില്‍ നിന്ന് പന്തുമായി കുതിച്ച ജിതിന്‍ എം എസാണ് പന്ത് വലയിലാക്കിയത്. 83ാം മിനുട്ടില്‍ ജിതിന്‍ ഗോപാലന്‍ തന്റെ രണ്ടാം ഗോള്‍ നേടിയതോടെ കേരളം അഞ്ചു ഗോളുകള്‍ക്ക് മുന്നിലെത്തി. റഫറിയുടെ അന്തിമ വിസില്‍ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് ജിതിന്‍ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കുകയായിരുന്നു.

Top