സംഘപരിവാര്‍ പിളര്‍പ്പിലേക്ക് ? തൊഗാഡിയ രണ്ടും കല്‍പ്പിച്ച്, പ്രതിക്കൂട്ടില്‍ നരേന്ദ്ര മോദി

praveen thogadiya

ന്യൂഡല്‍ഹി: രാജ്യത്തെ ശക്തമായ കേഡര്‍ സംവിധാനമുള്ള സംഘപരിവാര്‍ പിളര്‍പ്പിലേക്കോ ?

ഡല്‍ഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ അമ്പരപ്പോടെയാണ് സംഘ പരിവാറിലെ സംഭവ വികാസങ്ങളെ നോക്കിക്കാണുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷായുടെയും കടുത്ത വിമര്‍ശകനായ വി.എച്ച്.പി വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ തനിക്ക് വധ ഭീഷണിയുണ്ടെന്ന് പറയുക മാത്രമല്ല വ്യക്തമായ സൂചനയും വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയിരിക്കുകയാണ്.

തന്നെ ഗുജറാത്ത്, രാജസ്ഥാന്‍ പൊലീസ് വേട്ടയാടുകയാണെന്നാണ് തൊഗാഡിയ തുറന്നടിച്ചത്.

ബി.ജെ.പി ഭരിക്കുന്ന ഈ രണ്ട് സംസ്ഥാനങ്ങളിലെയും പൊലീസ് തൊഗാഡിയയെ വേട്ടയാടുന്നുണ്ടെങ്കില്‍ അത് ഉന്നത ബി.ജെ.പി നേതൃത്വം അറിയാതെ നടക്കില്ലെന്ന് വ്യക്തം.

ഒരു ദശകത്തോളം പഴക്കമുള്ള കേസിന്റെ പേരിലാണ് തന്നെ പൊലീസ് ലക്ഷ്യമിടുന്നതെന്നും, തന്റെ ശബ്ദം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞ തൊഗാഡിയ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ നീക്കം നടക്കുന്നതായും ആരോപിച്ചിട്ടുണ്ട്.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ തൊഗാഡിയ ശ്രമിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ആര്‍.എസ്.എസ് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തില്‍ തൊഗാഡിയ ഉന്നം വയ്ക്കുന്നത് മോദിയെ തന്നെയാണെന്നതും വ്യക്തമാണ്.

തൊഗാഡിയയെ വി.എച്ച്.പി വര്‍ക്കിംങ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ മോദിയുടെ ആവശ്യപ്രകാരം ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം ശ്രമിച്ചെങ്കിലും ഭുവനേശ്വറില്‍ നടന്ന സമ്മേളനത്തില്‍ എല്ലാവരെയും ഞെട്ടിച്ച് തൊഗാഡിയ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ആര്‍.എസ്.എസും മോദിയും പിന്തുണച്ച പാനലിനെ വന്‍ ഭൂരിപക്ഷത്തിനാണ് തൊഗാഡിയ പരാജയപ്പെടുത്തിയത്.

ഇതേതുടര്‍ന്ന് പഴയ കേസ് കുത്തിപ്പൊക്കി തൊഗാഡിയയെ ഗുജറാത്ത് പൊലീസിന്റെ സഹായത്തോടെ രാജസ്ഥാന്‍ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുവാനാണ് ഇപ്പോഴത്തെ ശ്രമമത്രെ.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് പത്തുവര്‍ഷം മുന്‍പത്തെ കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്നിരിക്കെയാണ് ഉന്നത നേതാവിനെ ജയിലിലടക്കാന്‍ ശ്രമിക്കുന്നത്.

തൊഗാഡിയ വി.എച്ച്.പി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്ന് കണ്ടാണ് പുതിയ നീക്കം.

ഗുജറാത്തില്‍ പട്ടേല്‍ സമര നായകന്‍ ഹാര്‍ദിക് പട്ടേലുമായുള്ള തൊഗാഡിയയുടെ അടുപ്പവും ബി.ജെ.പി നേതൃത്വത്തെ പ്രകോപിതരാക്കിയിട്ടുണ്ട്.

ആര്‍.എസ്.എസിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ഇപ്പോഴും തൊഗാഡിയക്ക് ഉണ്ടെന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

കഴിഞ്ഞ ദിവസം കാണാതായ തൊഗാഡിയയെ പിന്നീട് അവശനിലയില്‍ ആശുപത്രിയില്‍ കണ്ടെത്തിയതോടെയാണ് ദുരൂഹത മറനീക്കി പുറത്തുവന്നത്.

പ്രത്യേക കമാന്‍ഡോകളുടെ സുരക്ഷയുള്ള തൊഗാഡിയ, ബി.ജെ.പി സര്‍ക്കാര്‍ നിയന്ത്രിക്കുന്ന കമാന്‍ഡോകളില്‍ വിശ്വാസമില്ലാത്തതിനാല്‍ അവരെ ഇപ്പോള്‍ അടുപ്പിക്കുന്നില്ല.

സംഘര്‍ഷം മൂര്‍ച്ചിക്കുന്ന പശ്ചാത്തലത്തില്‍ തൊഗാഡിയയെ നേതൃസ്ഥാനത്ത് നിന്നും ‘പുറത്താക്കാന്‍ ‘ ആര്‍.എസ്.എസ് നിര്‍ബന്ധിക്കപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം.

അങ്ങനെ വന്നാല്‍ സംഘപരിവാര്‍ വലിയ പിളര്‍പ്പിനെയാണ് നേരിടേണ്ടി വരുക.

റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍

Top