Sangh parivar protest against Vellappally’s Pinarayi devotion

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിണറായി പ്രീണനത്തിനെതിരെ ആര്‍എസ്എസ്-ബിജെപി നേതൃത്വത്തില്‍ പ്രതിഷേധം.

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ബിഡിജെഎസ്, എന്‍ഡിഎ മുന്നണിയിലുള്ളപ്പോള്‍ ശത്രുവിനെ പുകഴ്ത്തി രംഗത്ത് വന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സംഘ്പരിവാര്‍ നേതൃത്വം.

മൈക്രോഫിനാന്‍സ് കേസില്‍ നിന്ന് തടിയൂരുന്നതിന് വേണ്ടിയാണ് വെള്ളാപ്പള്ളിയുടെ മലക്കം മറിച്ചിലെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

വെള്ളാപ്പള്ളിയും സംഘവും എന്‍ഡിഎയില്‍ നിന്ന് പുറത്ത് പോവുകയാണെങ്കില്‍ പോവട്ടെ എന്ന നിലപാടാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുമായി അടുപ്പമുള്ള ബിജെപി നേതാക്കള്‍ക്കിടയില്‍ പോലുമുള്ളത്.

സംഘ്പരിവാറിന്റെ പ്രഖ്യാപിത ശത്രുവായ സിപിഎമ്മിനോടും അതിന്റെ നേതാക്കളോടും സഹകരിക്കാനും പുകഴ്ത്താനും വെള്ളാപ്പള്ളി തയ്യാറായതില്‍ വന്‍ പ്രതിഷേധം അണികള്‍ക്കിടയില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ബിജെപിയും ആര്‍എസ്എസും നിലപാട് ശക്തമാക്കുന്നത്.

പരസ്യമായ അഭിപ്രായപ്രകടനം ഒഴിവാക്കുമെങ്കിലും വെള്ളാപ്പള്ളിയെ നിരീക്ഷിക്കാന്‍ തന്നെയാണ് തീരുമാനം.

കേന്ദ്രസര്‍ക്കാര്‍ വെള്ളാപ്പള്ളിക്ക് അനുവദിച്ച പ്രത്യേക സുരക്ഷ ഇക്കാര്യത്തില്‍ ബിജെപിക്ക് ‘അനുഗ്രഹമായി’ രിക്കുകയാണിപ്പോള്‍.

വെള്ളാപ്പള്ളിയുടെ ‘ചാഞ്ചാട്ടം’ ഇതിനകം തന്നെ സഖ്യത്തിന് മുന്‍കൈ എടുത്ത കേന്ദ്ര നേതൃത്വത്തെ സംസ്ഥാന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയുമായി സഖ്യത്തിലല്ലായിരുന്നിട്ടും മികച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞതും സഖ്യത്തിലായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതിരുന്നതും താരതമ്യം ചെയ്യണമെന്നതാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.

ബിഡിജെഎസ് ഒരു സീറ്റില്‍ പോലും രണ്ടാം സ്ഥാനത്ത് എത്താതിരുന്നത് കൊട്ടിഘോഷിക്കുന്ന പോലെ ഈഴവ പിന്‍തുണ വെള്ളാപ്പള്ളിക്ക് ഇല്ലെന്നതിന്റെ തെളിവായിട്ടാണ് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്.

കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും ശക്തനായ നേതാവാണ് പിണറായിയെന്ന് പറഞ്ഞ വെള്ളാപ്പള്ളിയുടെ പ്രതികരണമാണ് സംഘ്പരിവാര്‍ നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഇതുസംബന്ധമായി മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ആശയവിനിമയം നടത്തുകയും സിപിഎമ്മിന് എതിരായ നിലപാടുകളില്‍ വെള്ളാപ്പള്ളിയുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തില്ലെന്ന സന്ദേശം നല്‍കുന്ന രൂപത്തില്‍ ആവശ്യമെങ്കില്‍ പ്രതികരണം നടത്താനാണ് തീരുമാനം.

ശബരിമല വിവാദത്തില്‍ പിണറായിയെ അനുകൂലിച്ച വെള്ളാപ്പള്ളി, വിജിലന്‍സ് കേസിന്റെ പേരില്‍ സമുദായ താല്‍പര്യം മറന്ന് അവസരവാദപരമായ നിലപാട് സ്വീകരിക്കുന്നത് എസ്എന്‍ഡിപി അണികള്‍ക്കിടയിലും കടുത്ത ഭിന്നതക്ക് കാരണമായിട്ടുണ്ട്.

പിണറായി പേടിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എസ്എന്‍ഡിപി യോഗത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ട് കൊടുക്കാന്‍ തയ്യാറാണെന്ന് വരെ വെള്ളാപ്പള്ളി തട്ടിവിട്ടിരുന്നു.

പുനലൂര്‍ എസ്എന്‍ കോളേജിന്റെ അന്‍പതാം വാര്‍ഷികാഘോഷ ചടങ്ങിന്റെ ഉദ്ഘാടനത്തിന് പിണറായി വന്നതും വെള്ളാപ്പള്ളിയോടൊപ്പം വേദി പങ്കിട്ടതും രാഷ്ട്രീയ കേന്ദ്രങ്ങളെയും അമ്പരപ്പിച്ചിരുന്നു.

Top