Samajwadi Party crisis:Samajwadi MP’s aide arrested,spied for Pakistan

ലക്‌നൗ: കുടുംബ പോരിന് പിന്നാലെ ചാരവൃത്തി വിവാദവും ഉയര്‍ന്നത് യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ഇരുട്ടടിയായി.

മുഖ്യമന്ത്രി അഖിലേഷ് യാദവും സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശിവപാല്‍ യാദവും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ ശിവപാലടക്കമുള്ള നാല് മന്ത്രിമാരെ പുറത്താക്കുന്നതില്‍ കലാശിച്ചതും സമാജ്‌വാദി പാര്‍ട്ടി ഒരു പിളര്‍പ്പിനെ അഭിമുഖീകരിക്കുന്നതുമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രധാന സംഭവവികാസങ്ങള്‍.

മുലാംയംസിങ്ങ് യാദവ് തന്നെ രംഗത്തിറങ്ങി ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് ഒരുവിധത്തില്‍ ‘വെടി നിര്‍ത്തല്‍’ പ്രഖ്യാപിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി മറ്റൊരു പ്രഹരം രാജ്യസഭാ എംപിയുടെ പിഎയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

പാക്ക് ഹൈക്കമ്മീഷന്‍ കേന്ദ്രീകരിച്ചുള്ള ചാരപ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഡല്‍ഹി പൊലീസിന്റെ പ്രത്യേകസംഘം സമാജ്‌വാദി പാര്‍ട്ടി എംപിയായ മുനവര്‍ സലിമിന്റെ പഴ്‌സണല്‍ അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തതാണ് തിരിച്ചടിയായത്. കൂടുതല്‍ അറസ്റ്റ് ഇതുസംബന്ധമായി ഉണ്ടാകുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്.

മുനവര്‍ സലീമിന്റെ പിഎ ആയ ഫര്‍ഹതിനെ എംപിയുടെ ഔദ്യോഗിക വസതിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളില്‍ നിന്ന് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ചില രഹസ്യരേഖകള്‍ കണ്ടെടുത്തുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സമാജ്‌വാദി പാര്‍ട്ടിയുടെ എംപിയുടെ പിഎ തന്നെ രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായത് യുപിയില്‍ ബിജെപി അടക്കമുള്ള പ്രതിപക്ഷം സമാജ്‌വാദി പാര്‍ട്ടിക്കെതിരെ ശക്തമായി ഉപയോഗിക്കുന്നുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സംബന്ധിച്ച് വലിയ ഒരു പിടിവള്ളിയാണ് ഈ അറസ്റ്റ്.

സംശയത്തിന്റെ മുന തന്റെ നേരെ തിരിയുന്നുവെന്ന് കണ്ടതോടെ മുനവര്‍ സലിം എംപി പ്രതിരോധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

തനിക്കെതിരെ തെളിവിന്റെ കണികയെങ്കിലുമുണ്ടെന്ന് തെളിയിച്ചാല്‍ കുടുംബസഹിതം ആത്മഹത്യ ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സമാജ്‌വാദി പാര്‍ട്ടിയുടെ പരമോന്നത നേതാവ് മുലായംസിങ്ങ് യാദവിന്റെ അടുത്ത ആളായിട്ടാണ് മുനവര്‍ സലിം അറിയപ്പെടുന്നത്.

ഇതിനിടെ ചാരപ്രവര്‍ത്തനത്തിന് പിടിയിലായ പാക്ക് ഹൈക്കമീഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തറിനെയും കുടുംബത്തെയും നാട് കടത്തി. 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ഇന്ത്യ അന്ത്യശാസനം നല്‍കിയതോടെ അമൃത്സറിലെ അഠാര വഴി 11 മണിയോടെ റോഡ് മാര്‍ഗ്ഗമാണ് അതിര്‍ത്തി കടന്നത്.

അക്തറിനെ ചോദ്യം ചെയ്തതില്‍ നിന്ന് പാക്ക് ഹൈക്കമ്മീഷനിലെ 10 ഉദ്യോഗസ്ഥര്‍ക്ക് ചാരപ്പണിയില്‍ ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പാക്ക് സൈനിക ഉദ്യോഗസ്ഥരായ കേണല്‍ സയിദ് ഫാറൂഖ്, ഖാദിം ഹുസൈന്‍, സാഹിദ് ഇഖ്ബാല്‍, ഡോ.മുദാസിര്‍ ഇക്ബാല്‍ എന്നിവരുടെ ഇടപെടലും വ്യക്തമായി.

നയതന്ത്ര പരിരക്ഷയുള്ളതിനാലാണ് അക്തറിനോടും കുടുംബത്തോടും രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചത്.

അറസറ്റിലായ രാജസ്ഥാന്‍കാരായ മൗലാന റമസാന്‍, സുഭാഷ് ജംഗീര്‍,ഷോയ്ബ് ഹസ്സന്‍ എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

സമാജ്‌വാദി പാര്‍ട്ടി എംപിയുടെ പിഎയ്ക്ക് കേസിലുള്ള ബന്ധം എന്താണെന്ന കൂടുതല്‍ വിവരം ഇപ്പോള്‍ പുറത്ത് പറയാന്‍ പറ്റില്ലെന്ന നിലപാടിലാണ് ഡല്‍ഹി പൊലീസ്.

കുടുംബകലഹം മൂലം പാര്‍ട്ടിയും സര്‍ക്കാരും പ്രതിസന്ധിയിലായതിന് പിന്നാലെ എതിരാളികള്‍ക്ക് ആയുധമാക്കാന്‍ പാര്‍ട്ടി എംപിയുടെ പിഎയുടെ അറസ്റ്റും അരങ്ങേറിയത് സമാജ്‌വാദി പാര്‍ട്ടി നേതൃത്വത്തെയും അണികളെയും അമ്പരപ്പിച്ചിരിക്കുകയാണ്.

Top