കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ് ; ജാമ്യം കിട്ടിയ സല്‍മാന്‍ പുറത്തിറങ്ങി

salman-khan

ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയിലിലായ സല്‍മാന്‍ ഖാന്‍ പുറത്തിറങ്ങി. രണ്ട് രാത്രി ജയില്‍ വാസം അനുഭവിച്ചശേഷമാണ് സല്‍മാന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

കൃഷ്ണ മൃഗത്തെ 1998-ല്‍ വേട്ടയാടിയ കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ച സല്‍മാന്‍ ഖാന് ജോധ്പുര്‍ കോടതിയാണ് ജാമ്യം നല്‍കിയത്. 50,000 രൂപ ബോണ്ടിലാണ് സല്‍മാന്‍ഖാന് ജാമ്യം അനുവദിച്ചത്.

ജയിലിലാണെങ്കിലും വലിയ സൗകര്യങ്ങള്‍ നല്‍കിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.ജയിലിലെ ആദ്യ ദിനം എയര്‍ കൂളറുള്ള കോണ്‍ഫറന്‍സ് റൂമിലാണ് സല്‍മാനെ ഇരുത്തിയിരുന്നത്. അവിടെ ടി.വിയടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നു.

ഡെപ്യൂട്ടി ഇന്‍സ്‌പെക്ടറുടെ കുടുംബം സല്‍മാനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയിരുന്നു. മാത്രമല്ല ജയിലറുടെ കുട്ടികള്‍ അദ്ദേഹത്തിനൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ മുറിയില്‍ വച്ചിരുന്ന എയര്‍ കൂളറാണ് സല്‍മാന് നല്‍കിയത്. മാത്രമല്ല പുകവലി ശീലമുള്ള സല്‍മാന് സിഗററ്റും എത്തിച്ചു നല്‍കിയിയതും വാര്‍ത്തയായിരുന്നു.

കുടുംബാംഗങ്ങളടക്കമുള്ള സന്ദര്‍ശകരുടെ ഒരു വലിയ നിരയാണ് സല്‍മാനെ കാണാന്‍ എത്തിയത്. അഭിഭാഷകന്‍ ഹസ്തി മാല്‍ ശരാവത്ത്, നടി പ്രീതി സിന്റ, സഹോദരിമാരായ അര്‍പ്പിത, അല്‍വിര, ബോഡിഗാര്‍ഡ് ഷേര എന്നിവരും സല്‍മാനെ കാണാനെത്തിയിരുന്നു. ഷേരയും, പ്രീതിയും സന്ദര്‍ശകര്‍ക്ക് അനുവദിച്ചിരുന്ന സമയം കഴിഞ്ഞാണ് സല്‍മാനെ കണ്ടതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Top