നരേന്ദ്ര മോദിയുടെ രണ്ടാം ഊഴം ഉറപ്പിക്കാന്‍ സല്‍മാന്‍ഖാനും അക്ഷയ് കുമാറും ഇറങ്ങും ?

Narendra Modi,

മുംബൈ: പ്രതിപക്ഷ മഹാ സഖ്യത്തെ പൊളിച്ചടുക്കാന്‍ സൂപ്പര്‍ താരങ്ങളെയും പ്രചരണത്തിനിറക്കാന്‍ ബി.ജെ.പി പദ്ധതി. ഇതിനായി ബോളിവുഡ് ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങളുടെ പട്ടിക ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

ഓരോ പ്രദേശത്തും ജനങ്ങളെ സ്വാധീനിക്കാനും ആകര്‍ഷിക്കുവാനും കഴിയുന്ന സെലിബ്രിറ്റികളെ പ്രത്യേകമായി കണ്ട് സഹായം അഭ്യര്‍ത്ഥിക്കും.

പാര്‍ട്ടി പ്രചരണത്തില്‍ പങ്കെടുക്കാന്‍ പ്രയാസമുള്ള താരങ്ങളെ സ്ഥാനാര്‍ത്ഥികളോടുള്ള വ്യക്തിപരമായ ‘ബന്ധം’ മുന്‍നിര്‍ത്തി മണ്ഡലത്തില്‍ ഒരു പ്രചരണത്തിലെങ്കിലും ഇറക്കാനും ഇത് ദേശീയ തലത്തില്‍ തന്നെ സോഷ്യല്‍ മീഡിയകളിലും മറ്റും ബി.ജെ.പിക്ക് അനുകൂലമായ പ്രചരണമാക്കാനുമാണ് പദ്ധതി.

ബോളിവുഡില്‍ നിന്നും സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരും മലയാളത്തില്‍ നിന്നും മോഹന്‍ലാലും തെലുങ്കില്‍ നിന്ന് ബാഹുബലി നായകന്‍ പ്രഭാസും ബി.ജെ.പിയുടെ പരിഗണനയിലുള്ള താരങ്ങളാണ്.

Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന താരമാണ് സല്‍മാന്‍ ഖാന്‍. അക്ഷയ് കുമാറാകട്ടെ സിനിമാ പ്രചരണത്തിന് ഡല്‍ഹി സര്‍വ്വകലാശാലയിലെത്തി എ.ബി.വി.പി പതാക തന്നെ പരസ്യമായി വീശി വിവാദം സൃഷ്ടിച്ച വ്യക്തിയുമാണ്. അമിത് ഷായുമായും വളരെ അടുത്ത ബന്ധമാണ് അക്ഷയ് കുമാറിനുള്ളത്.

രാഷ്ട്രീയം പരിഗണിക്കാതെ വ്യക്തിപരമായ സൗഹൃദത്തിന്റെ പേരില്‍ മുന്‍പ് സല്‍മാന്‍ഖാനും മോഹന്‍ലാലും തെരെഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയിട്ടുണ്ട്.

നടന്‍ ജഗദീഷ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് മത്സരിച്ചപ്പോള്‍ മോഹന്‍ലാല്‍ ഇടത് പിന്തുണയോടെ മത്സരിച്ച ഗണേഷ് കുമാറിന് വോട്ട് ചോദിച്ചത് ഏറെ വിവാദമായിരുന്നു.

akshay

ഇപ്പോള്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന മോഹന്‍ലാലിനെ ലോക് സഭ തെരെഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലെങ്കിലും ബി.ജെ.പി ഇറക്കിയേക്കും.

ലാലിന്റെ സുഹൃത്ത് ‘ബന്ധ’ത്തില്‍പ്പെട്ട വ്യക്തികളില്‍ ആരെങ്കിലുമാകും തിരുവനന്തപുരം ലോക് സഭ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക എന്നാണ് പറയപ്പെടുന്നത്.

ലാല്‍ ഇനി അടുപ്പം മുന്‍ നിര്‍ത്തി ഏതെങ്കിലും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിച്ചാല്‍ അത് ബി.ജെ.പിക്ക് കേരളത്തില്‍ ചോദിക്കുന്ന വോട്ടായി ചിത്രീകരിക്കപ്പെടുമെന്നതും ഉറപ്പ്.

akshay

ഗണേഷ് കുമാറിനു വേണ്ടി കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ പ്രചരണ രംഗത്തിറങ്ങിയതിനാല്‍ ഇടതുപക്ഷത്തിന് പോലും ലാലിനെ ധാര്‍മികമായി ഇനി വിമര്‍ശിക്കാന്‍ ബുദ്ധിമുട്ടാകും.

ഇതോടൊപ്പം മറ്റു പ്രമുഖ തെലുങ്ക് – കന്നട താരങ്ങളെയും ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. തമിഴകത്ത് സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ പാര്‍ട്ടി നേട്ടമുണ്ടാക്കിയാല്‍ ആത്യന്തികമായി അത് കേന്ദ്രത്തില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നതിനാല്‍ തമിഴകത്തെ ‘ഒഴിവാക്കി’യാണ് താരപ്പട്ടിക തയ്യാറാക്കുന്നത്.

റിപ്പോര്‍ട്ട്: ടി.അരുണ്‍ കുമാര്‍

Top