ഗുര്‍മീതിന്റെ ശിക്ഷ ; മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് സാക്ഷി മഹാരാജ്

ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങിന് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ മുന്‍നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് ബിജെപി എംപി സാക്ഷി മഹാരാജ്.

താന്‍ റാം റഹീമിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സാക്ഷിയുടെ ഇപ്പോഴത്തെ നിലപാട്. മാധ്യമങ്ങള്‍ താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.

റാം റഹീമിന് എതിരായ കോടതി വിധി മാനിക്കുന്നു. വിശ്വാസത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടവരുടെ വിജയമാണ് കോടതി വിധിയെന്നുമാണ് സാക്ഷി മഹാരാജിന്റെ ഇപ്പോഴത്തെ നിലപാട്.

റാം റഹിം, രാംപാല്‍, ആസാറാം ബാപ്പു എന്നിവരൊന്നും സന്യാസികളല്ല. ഈ സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളുടെ പുറകെ പോകുന്നതിന് മുന്‍പ് ജനങ്ങള്‍ രണ്ടുവട്ടം ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ റാം റഹിം ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന കോടതി വിധി വന്നതിന് പിന്നാലെ അദ്ദേഹത്തെ അനുകൂലിക്കുന്ന പ്രസ്താവനയായിരുന്നു സാക്ഷി മഹാരാജ് നടത്തിയത്.

കോടിക്കണക്കിന് ആരാധകരുള്ള റഹിമിനെതിരെ ഒരു പെണ്‍കുട്ടി മാത്രമാണ് പരാതി നല്‍കിയത്. കോടിക്കണക്കിന് വരുന്ന ആരാധകരാണോ ആ പെണ്‍കുട്ടിയാണോ ശരി. ഇതായിരുന്നു സാക്ഷി മഹാരാജിന്റെ അന്നത്തെ പ്രസ്താവന.

Top