മമ്മൂട്ടിയുടെ സ്‌ക്രീന്‍ ഇമേജില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത വേഷപ്പകര്‍ച്ച; സജി പിള്ള പറയുന്നു

mammu

50 കോടിയോളം മുതല്‍ മുടക്കില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ സജി പിള്ള. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്. സൂക്ഷ്മാഭിനയം കൊണ്ട് മമ്മൂക്ക തന്നെ വിസ്മയപ്പെടുത്തുകയാണെന്നും അദ്ദേഹത്തിന്റെ സ്‌ക്രീന്‍ ഇമേജില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത വേഷപ്പകര്‍ച്ചകള്‍ ചിത്രത്തിലുണ്ടെന്നും സജീവ് പിള്ള പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ടവരെ,

നമ്മുടെ പടത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളും പൂർത്തിയായി. ആക്ഷന് മുൻതൂക്കമുണ്ടായിരുന്നു ഒന്നാം ഷെഡ്യൂളിൽ. തികച്ചും വിഭിന്നമായിരുന്നു ഈ ഷെഡ്യൂൾ. പ്രതികൂലമായിരുന്ന പരിതസ്ഥിതിയിൽ തുടങ്ങേണ്ടി വന്നെങ്കിലും പൂർത്തീകരിക്കാൻ കഴിയുകയും ചെയ്തു.

ആരാധിക്കപ്പെടുന്ന മഹാധീരന്മാരുടെ ചരിത്രത്തോടൊപ്പമാണ് യാത്രയെങ്കിലും വലിയ ചരിത്രമുഹൂർത്തങ്ങളിലെ ഒറ്റപ്പെട്ട നിലപാടുകളുടെ സുധീരതയും സ്ഥൈര്യവും കൂടിയാണ് ഈ സിനിമയിലെ ഭൂമിക. അവിടെ ഒറ്റപ്പെടുന്നവരുടെ ജീവിതാവസ്ഥകളും.

അവിടെയാണ്, സൂഷ്മതകളിൽ അസാധാരണമായ ശ്രദ്ധവച്ച്, ഒരു മഹാനടൻ വിവിധങ്ങളായ വികാരങ്ങളുടെ വലിയ ദേശത്ത് സിനിമയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ സ്ക്രീൻ ഇമേജിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വേഷപ്പകർച്ചകൾക്ക്, മമ്മൂക്കയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. സൂക്ഷ്മഭാവങ്ങളിലെ അസാധാരണ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന, രസിപ്പിക്കുന്ന, നമ്മുടെ മണ്ണിലും വേരുകളിലും ചരിത്രത്തിലും തന്നെ നിൽക്കുന്നതാവണം ഈ സിനിമ.
കണ്ണീരും രക്തവും വീണുകിടക്കുന്ന ചരിത്രത്തിന്റെ ഏടുകളിലൂടെയാണ് യാത്ര. അത്ര എളുപ്പമാവില്ല ഒന്നും. വലിയ ആക്ഷനും വലിയ വികാരങ്ങളും ഉറച്ച വിശ്വാസവും അനിവാര്യം.

വാർപ്പ് മാതൃകകളിൽ നിന്ന് വ്യത്യസ്തമായ, ആക്ഷനിലൂടെയും വൈകാരിക തീവ്രതകളിലൂടെയും കടന്ന് പോകുന്ന ഈ വലിയ സിനിമയുടെ സ്ക്രിപ്ടിനെ പൂർണ്ണബോധ്യത്തോടെ ഏറ്റെടുത്ത പ്രിയപ്പെട്ട വേണു സാറിന്റെ പിന്തുണ തന്നെയാണ് ഏറ്റവും പ്രധാനം. നന്ദി.
ഒപ്പം നിൽക്കുന്ന അനവധി പേരുടെ ശക്തിയിലും ഊർജ്ജത്തിലും മാത്രമാണ് ഓരോ നിമിഷവും നിൽക്കുന്നതും.
ഒരുപാട് നാളത്തെ യാത്രയും പ്രയത്നവും കാത്തിരിപ്പുമാണ്. ഇതേ വരെയുള്ള വഴികളൊന്നും അനായാസമായിരുന്നില്ല….. ഇനിയും പോകാനുമുണ്ട്. പകുതിയിലും അല്പമധികം…

‘മമ്മൂട്ടിയുടെ ആ അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന, രസിപ്പിക്കുന്ന, നമ്മുടെ മണ്ണിലും വേരുകളിലും ചരിത്രത്തിലും തന്നെ നില്‍ക്കുന്നതാവണം ഈ സിനിമ’. സജി പിള്ള ഫേസ്ബുക്കില്‍ കുറിച്ചു.

Top