ശബരിമലയില്‍ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കാനുള്ള നടപടികളുമായി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനകാലത്ത് പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കാനുള്ള നടപടികളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇരുമുടിക്കെട്ടിലെ പ്ലാസ്റ്റിക് ഒഴിവാക്കാന്‍ ഗുരുസ്വാമിമാരുമായി ആശയവിനിമയം നടത്തുവാനും ബോര്‍ഡ് തീരുമാനിച്ചു.വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് പ്ലാസ്റ്റിക് കടുത്ത ഭീഷണിയായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ നീക്കം.

പമ്പയില്‍ ആന പിണ്ടത്തില്‍ പ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. ശോശാലയില്‍ പശു ചത്തൊടുങ്ങിയതിനും ഒരു കാരണം പ്ലാസ്റ്റിക്കാണന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പ്ലാസ്റ്റിക്കിന് കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ ദേവസ്വം ബോര്‍ഡ് ആലോചന തുടങ്ങിയത്.

ഇതിന്റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരുമായി ഏപ്രില്‍ മാസത്തോടെ ആശയ വിനിമയം നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.

അടുത്ത തീര്‍ത്ഥാടനകാലത്ത് ഇരുമുടി കെട്ടിലെ പ്ലാസ്റ്റിക്ക് പോലും സന്നിധാനത്തേക്ക് കൊണ്ടു വരാതിരിക്കാനുള്ള ബോധവത്കരണ പരിപാടി നടപ്പാക്കുകയാണ് ലക്ഷ്യം.

Top