s sreeshant says about cricket

മസ്‌കറ്റ്: ക്രിക്കറ്ററായി അറിയപ്പെടാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത്. അതുകൊണ്ട് വിലക്ക് നീക്കാനും ഇന്ത്യന്‍ ടീമില്‍ തിരികെയെത്താനും എല്ലാ വിധത്തിലും പോരാടും. ആവശ്യമെങ്കില്‍ നിയമപരമായും നീങ്ങുമെന്നും ശ്രീശാന്ത് പറഞ്ഞു.

കോടതി എല്ലാകുറ്റങ്ങളില്‍ നിന്നും വിമുക്തനാക്കിയിട്ടും ടീമില്‍ ഇടം നല്‍കാത്തത് സങ്കടകരമാണ്. ആരുടെയും സഹതാപം ആഗ്രഹിക്കാത്തതിനാലാണ് വിഷമം പുറത്തുകാണിക്കാത്തത്.

പുതിയ ഭരണസമിതി അധ്യക്ഷന് കാര്യങ്ങള്‍ ചൂണ്ടികാട്ടി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ മറുപടി ലഭിച്ചിട്ടില്ല. ഈ മറുപടിക്ക് ശേഷം മാത്രമാകും നിയമപരമായി നീങ്ങണമോയെന്നതടക്കം തുടര്‍നടപടികള്‍ തീരുമാനിക്കുക.

സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് ബി.സി.സി.ഐ ഭരണസമിതിയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ക്രിക്കറ്റിന് ഗുണം ചെയ്യും. ഭരണകര്‍ത്താക്കള്‍ രാഷ്ട്രീയക്കാരല്ല എന്നതാണ് അതിന്റെ ഏറ്റവും നല്ല വശമെന്നും ശ്രീശാന്ത് പറഞ്ഞു.

ഒരു പാര്‍ട്ടിക്ക് കീഴില്‍ മല്‍സരിച്ചതുകൊണ്ട് മലയാളി ആകാതിരിക്കുന്നില്ല. അധികാരം ലഭിച്ച ശേഷം കൊടികളുടെ പേരില്‍ സഹായങ്ങളും പിന്തുണയും നിഷേധിക്കുന്ന അവസ്ഥയുണ്ടാകരുത്. ആരുടെയും പിന്തുണയില്ലാതെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിട്ട അവസ്ഥയിലും മലയാളിയാണ് എന്നതാണ് ഏറ്റവും വലിയ ശക്തിയായി താന്‍ കണ്ടതെന്നും ശ്രീശാന്ത് പറഞ്ഞു.

Top