ശത്രുരാജ്യങ്ങളെ നേരിടാന്‍ റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനം മിഗ്35 ഉടന്‍ ഇന്ത്യയിലേക്ക്

മോസ്‌കോ: ചൈന, പാക്കിസ്ഥാന്‍ അതിര്‍ത്തികളില്‍ തര്‍ക്കം രൂക്ഷമായിരിക്കേ റഷ്യ വികസിപ്പിച്ച ഏറ്റവും പുതിയ (നാലാം തലമുറ) യുദ്ധവിമാനമായ മിഗ്35 ഉടന്‍ ഇന്ത്യയിലേക്ക്.

മിഗ്35 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കു വില്‍ക്കാന്‍ മിഗ് കോര്‍പ്പറേഷന്‍ താല്‍പര്യം പ്രകടിപ്പിച്ചു. മിഗ് കോര്‍പറേഷന്റെ സിഇഒ ഇല്യ തരാസെന്‍കോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മിഗ്-35 വിമാനങ്ങള്‍ കഴിഞ്ഞ ജനുവരിയിലാണ് അവതരിപ്പിച്ചത്. മിഗ്-35 വില്‍ക്കുന്നതു സംബന്ധിച്ച് ഇന്ത്യയുടെ വ്യോമസേനയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായും ടെന്‍ഡര്‍ സമര്‍പ്പിച്ചതായും സിഇഒ വ്യക്തമാക്കി.

ഇന്ത്യയ്ക്കു വേണ്ടി നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പ് ആവശ്യങ്ങളെക്കുറിച്ച് ധാരണ കിട്ടേണ്ടതുണ്ട്. ആ തരത്തിലുള്ള ചര്‍ച്ചകളാണു നടക്കുന്നതെന്നും താരാസെന്‍കോ പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തിന് 50 വര്‍ഷത്തെ ചരിത്രമുണ്ടെന്നും സിഇഒ വ്യക്തമാക്കി.

എപ്പോഴും പുതിയ വിമാനം അവതരിപ്പിക്കുമ്പോള്‍ മിഗ് ആദ്യം പരിഗണിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇപ്പോള്‍ വിലയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നില്ല. മിഗ്-35ന്റെ സാങ്കേതിക വിശദാംശങ്ങളെക്കുറിച്ചാണ് ആശയവിനിമയം നടക്കുന്നതെന്നും മിഗ് കോര്‍പറേഷന്‍ സിഇഒ പറഞ്ഞു.

അമേരിക്കന്‍ കമ്പനിയായ ലോക്ഹീല്‍ഡ് മാര്‍ട്ടിന്‍ നിര്‍മ്മിക്കുന്ന എഫ്-35 വിമാനങ്ങളെ മറികടക്കുന്നതാണ് മിഗ്35 എന്നാണ് കമ്പനിയുടെ അവകാശവാദം.

നാല്‍പ്പതു വര്‍ഷത്തേക്കുള്ള പരിപാലനം, വിമാനത്തിന് ആവശ്യമായ പരിശീലനം തുടങ്ങിയ കാര്യങ്ങളില്‍ കമ്പനി വ്യോമസേനയ്ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. മിഗ് 35ന്റെ ഒരു യൂണിറ്റിന് ഏതാണ്ട് 2600 കോടി രൂപ ചെലവ് വരുമെന്നാണു കണക്കു കൂട്ടല്‍.

Top