ശൈത്യകാല ഒളിംപിക്‌സ് വിവരങ്ങൾ റഷ്യ ചോർത്തിയെന്ന ആരോപണവുമായി അമേരിക്ക

Russia hacked Winter Olympics

വാഷിംഗ്‌ടൺ: ദക്ഷിണ കൊറിയയിൽ നടക്കുന്ന 2018ലെ ശൈത്യകാല ഒളിംപിക്‌സ് വിവരങ്ങൾ റഷ്യ ചോർത്തിയെന്ന ആരോപണവുമായി അമേരിക്ക. ശൈത്യകാല ഒളിംപിക്‌സ് ഗെയിംസിലെ അധികൃതർ ഉപയോഗിക്കുന്ന നൂറുകണക്കിന് കംപ്യൂട്ടറുകൾ റഷ്യ ഹാക്ക് ചെയ്തതായാണ് യുഎസ് ആരോപിക്കുന്നത്.

ഫെബ്രുവരി ഒമ്പതിന് നടന്ന ശൈത്യകാല ഒളിംപിക്‌സ് ആരംഭ ചടങ്ങിൽ സൈബർ ആക്രമണമുണ്ടായതായി ഒളിംപിക്‌സ് അസോസിയേഷൻ അധികൃതർ സമ്മതിച്ചു. അതേസമയം റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്ന് ഉറപ്പിക്കാൻ അവർ തയ്യാറായില്ലെന്നും അമേരിക്ക വ്യക്തമാക്കുന്നു.

ശൈത്യകാല ഒളിംപിക്‌സിൽ ഉത്തേജക പരിശോധന നടത്തി റഷ്യൻ ടീമിനെ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി നിരോധിച്ചതിനെതിരെ റഷ്യ നടത്തിയ പ്രതികാര നടപടിയാണ് ഇതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.ഇതോടെ ശൈത്യകാല ഒളിംപിക്‌സിൽ റഷ്യയുടെ മെഡൽ പ്രതീക്ഷകൾ ഇടിഞ്ഞിരുന്നു. എന്നാൽ, 168 റഷ്യൻ അത്ലറ്റുകൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു.

ഞായറാഴ്ച നടക്കുന്ന ശൈത്യകാല ഒളിംപിക്‌സിന്റെ സമാപന ചടങ്ങുകൾ അമേരിക്ക ശക്തമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ചടങ്ങുകൾ തകർക്കാൻ റഷ്യക്കാർ ശ്രമിക്കാമെന്ന് ചില അമേരിക്കൻ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Top