മാപ്പ് പറയേണ്ടത് മോദിയല്ല, രാജ്യ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരാണെന്ന് ജയ്റ്റ്‌ലി

arunjetly

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യം തള്ളി കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.

ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ടുപോകില്ലെന്ന രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരാണ് മാപ്പ് പറയേണ്ടതെന്ന് അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് ആവശ്യപ്പെട്ടത്.

പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുവേണ്ടി മണിശങ്കര്‍ അയ്യര്‍ നടത്തിയ വിരുന്ന് സത്കാരത്തില്‍ പങ്കെടുത്തത് എന്തിനാണെന്ന് മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കണം.ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ലെന്ന നിലപാട് അംഗീകരിക്കാന്‍ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്കും ബാധ്യതയുണ്ട്. അത് അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിവരുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ഗുജറാത്തിലെ പാലന്‍പുരില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കഴിഞ്ഞ ദിവസം നരേന്ദ്രമോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പാക് സ്ഥാനപതി, പാക് മുന്‍ വിദേശകാര്യ മന്ത്രി എന്നിവര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു മോദിയുടെ ആരോപണം.

Top