എസ്.എഫ്.ഐയുടെ രാജസ്ഥാനിലെ വിജയം ഗൗരവമായി കണ്ട് ആര്‍.എസ്.എസ് നേതൃത്വം

BJP-RSS,ABVP,SFI

ജയ്പൂര്‍: സി.പി.എം വിദ്യാര്‍ത്ഥി സംഘടന എസ്.എഫ്.ഐ കാവിക്കോട്ടയായ രാജസ്ഥാനിലെ കാമ്പസുകളില്‍ ശുഭ്ര പതാക പാറിച്ചതില്‍ ഞെട്ടി ആര്‍.എസ്.എസ് നേതൃത്വം.

എസ്.എഫ്.ഐ സംസ്ഥാനത്ത് വളരുന്നത് അപകടകരമാണെന്നും ശക്തമായ ഇടപെടല്‍ നടത്തണമെന്നും സംഘപരിവാര്‍ സംഘടനകള്‍ക്ക് ആര്‍.എസ്.എസ് നേതൃത്വം നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്തെ കാമ്പസുകളില്‍ ഭൂരിപക്ഷവും ഇപ്പോഴും എ.ബി.വി.പി നിയന്ത്രണത്തിലാണെന്ന വിദ്യാര്‍ത്ഥി പരിഷത്ത് നേതാക്കളുടെ വാദം ആര്‍.എസ്.എസ് മുഖവിലക്കെടുത്തിട്ടില്ലന്നാണ് ലഭിക്കുന്ന സൂചന.

എ.ബി.വി.പി നേതൃതലത്തില്‍ ഉടന്‍ തന്നെ വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

സംസ്ഥാന നിയമസഭയിലേക്ക് ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.എഫ്.ഐ വിജയത്തെ സോഷ്യല്‍ മീഡിയകളില്‍ തരംഗമാക്കുന്നത് ബി.ജെ.പി നേതൃത്വത്തിന്റെയും ഉറക്കം കെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണ് കാമ്പസുകളില്‍ പ്രതിഫലിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. സ്വതന്ത്രരെ അടക്കം മുന്‍ നിര്‍ത്തി തന്ത്രപരമായാണ് വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിനെ എസ്.എഫ്.ഐ നേരിട്ടത്.

കര്‍ഷക സമരം ഉയര്‍ത്തിയ തീജ്വാലയെ കാമ്പസുകളിലേക്കു പടര്‍ത്തുന്നതിലും സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനം വിജയിച്ചു.

BJP-RSS,ABVP,SFI

ചെങ്കൊടിക്ക് വിജയിക്കാന്‍ പറ്റാത്ത സംസ്ഥാനങ്ങളില്‍ പോലും വെന്നിക്കൊടി പാറിക്കുമെന്ന പഴയ ചരിത്രം എസ്.എഫ്.ഐ രാജസ്ഥാനിലും ഇത്തവണ ശക്തമായിതന്നെ തെളിയിച്ചു. 40 -ല്‍ ഏറെ സ്വകാര്യ കോളജുകളിലും 10-ല്‍ ഏറെ സര്‍ക്കാര്‍ കോളജുകളിലും ആണ് എസ്.എഫ്.ഐ അട്ടിമറി വിജയം നേടിയത്. 35 കോളേജുകളില്‍ മുഴുവന്‍ പാനലിലും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

രാജസ്ഥാന്‍ സര്‍വകലാശാല യൂണിയന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എസ്.എഫ്.ഐ പിന്തുണയില്‍ മത്സരിച്ച വിനോദ് ഝഖാദ് 1,860 വോട്ടുകള്‍ക്ക് വിജയിച്ചതാണ് സംഘ പരിവാറിന് കനത്ത പ്രഹരമായത്. ഇവിടെ ദയനീയമായാണ് എ.ബി.വി.പി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്.

വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലും എ.ബി.വി.പി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച മീനാല്‍ ശര്‍മ്മ മാത്രമാണ് സര്‍വകലാശാലാ യൂണിയനിലെ എ.ബി.വി.പിയുടെ ഏക പ്രതിനിധി.

ബിക്കാനീര്‍ സര്‍വകലാശാലാ യൂണിയന്‍ വൈസ് പ്രസിഡന്റായി എസ്.എഫ്.ഐയിലെ രാഹുല്‍ ശര്‍മ 53 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

ഹനുമാന്‍ഗഢിലെ എന്‍എംപിജി സര്‍ക്കാര്‍ കോജേളിലും എന്‍ബിഡി സര്‍ക്കാര്‍ കോജേളിലും പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ ജയിച്ചു. യഥാക്രമം രാജു ഖാന്‍, സര്‍ജിത് ബെനിവാല്‍ എന്നിവരാണ് ജയിച്ചത്. ഇവിടെ ആറ് സ്വകാര്യ കോജേളുകളിലും എസ്എഫ്ഐ വിജയം നേടി. ഝുഝുനുവിലെ മൊറാര്‍ക്ക സര്‍ക്കാര്‍ കോളേജില്‍ എസ്എഫ്ഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പങ്കജ് ഗുജാര്‍ ജയിച്ചു. ജോഥ്പൂരിലെ ഫാലോഡി സര്‍ക്കാര്‍ കോജേളില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി സോഹന്‍ ലാല്‍ ബിഷ്ണോയ് ജയിച്ചു. ചുരു ജില്ലയിലെ കോളേജുകളിലും എസ്.എഫ്.ഐയ്ക്കാണ് മുന്നേറ്റം.

sfi

സി.പി.എം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ ഉജ്ജ്വല കര്‍ഷക സമരത്തെ തുടര്‍ന്ന് ശ്രദ്ധാകേന്ദ്രമായിമാറിയ സിക്കറിലെ എസ് കെ കൊമേഴ്സ് കോളേജ്, എസ് കെ സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ എല്ലാ സ്ഥാനത്തേക്കും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ ജയിച്ചു. എസ് കെ ആര്‍ട്സ് കോളേജില്‍ ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എസ്എഫ്ഐ ജയിച്ചു.

എസ്എഫ്‌ഐയുടെ നിരന്തര പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിദ്യാര്‍ത്ഥികളുടെ പിന്തുണയാണ് വിജയമെന്നാണ് എസ്എഫ്‌ഐ രാജസ്ഥാന്‍ സംസ്ഥാന സെക്രട്ടറി മഹിപാല്‍ സിംഗ് പ്രതികരിച്ചത്. സ്‌കൂള്‍ തലം ജയിച്ച എല്ലാവര്‍ക്കും കോളെജുകളില്‍ അഡ്മിഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭമാണ് എസ്.എഫ്.ഐ നടത്തിയിരുന്നത്.

ബിജെപി സര്‍ക്കാര്‍ രാജസ്ഥാനില്‍ പണവും അധികാരവും ഉപയോഗിച്ച് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ നോമിനേഷന്‍ നല്‍കുന്നത് തടയാന്‍ ശ്രമിച്ചിരുന്നുവെന്ന് തെരെഞ്ഞെടുപ്പിന് മുന്‍പെ എസ്.എഫ്.ഐ ആരോപിച്ചിരുന്നു. ഈ വെല്ലുവിളികള്‍ അതിജീവിച്ചാണ് തിളക്കമാര്‍ന്ന നേട്ടം സംഘടന ഇപ്പോള്‍ കൈവരിച്ചിരിക്കുന്നത്.

ആംആദ്മിപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയും 7 കോളെജുകളില്‍ പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഛാത്ര സംഘര്‍ഷ് സമിതി എന്നതാണ് ആംആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടന. രണ്ട് ഘട്ടങ്ങളായാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടന്നത്. ആഗസ്റ്റ് 28, സെപ്തംബര്‍ 4 തീയതികളിലായിരുന്നു വോട്ടെടുപ്പ്.

റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍

Top