ബാഴ്‌സലോണ വിടാനുള്ള യഥാര്‍ത്ഥ കാരണം തുറന്ന് പറഞ്ഞ് റൊണാള്‍ഡോ

ronaldo

ബാഴ്‌സലോണ വിടാനുള്ള യഥാര്‍ത്ഥ കാരണം തുറന്ന് പറഞ്ഞ് ബ്രസീലിയന്‍ താരം റൊണാള്‍ഡോ. ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും വേണ്ടി കളിച്ച താരമാണ് റൊണാള്‍ഡോ. ആദ്യ സീസണില്‍ തന്നെ ബാഴ്‌സലോണയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ആ സീസണ്‍ മാത്രമേ റൊണാള്‍ഡോ ക്ലബില്‍ ഉണ്ടായിരുന്നുള്ളു. ബാഴ്‌സയില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനിലേക്ക് പോയ താരം പിന്നീട് റയല്‍ മാഡ്രിഡിലെത്തി.

ബാഴ്‌സലോണ ഡയറക്ടര്‍മാരിലുള്ള വിശ്വാസക്കുറവാണ് തന്നെ ക്ലബ് വിടാന്‍ പ്രേരിപ്പിച്ചതെന്ന് താരം വെളിപ്പെടുത്തി. ആദ്യ സീസണിലെ മികച്ച പ്രകടനത്തിനു ശേഷം കരാര്‍ പുതുക്കി നല്‍കാന്‍ ബാഴ്‌സ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അവരത് വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നും താരം പറയുന്നു. ഇതോടെ ക്ലബിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. തുടര്‍ന്നാണ് ഇറ്റാലിയന്‍ ക്ലബിലേക്ക് മാറിയതെന്നും റൊണാള്‍ഡോ പറഞ്ഞു. ആ സമയത്ത് ഇറ്റാലിയന്‍ ലീഗ് വളരെ മികച്ചതായിരുന്നതും കൂടുമാറ്റത്തിനു കാരണമായിയെന്നും ബ്രസീലിയന്‍ താരം പറഞ്ഞു.

ബാഴ്‌സയില്‍ അരങ്ങേറ്റ സീസണില്‍ തന്നെ 37 മത്സരങ്ങളില്‍ നിന്നും 34 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചു കൂട്ടിയത്. ബാഴ്‌സയെ യൂറോപ്യന്‍ സൂപ്പര്‍ കപ്പ് ജേതാക്കളാക്കാനും കോപ ഡെല്‍ റേ വിജയിപ്പിക്കാനും ആ സീസണില്‍ റൊണാള്‍ഡോക്കായി.

Top