റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധം: കേന്ദ്ര സർക്കാർ

ന്യൂഡൽഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഒഴിപ്പിക്കണമെന്ന് വാദത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനിൽക്കുന്നു.

അഭയാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭീകര സംഘടനയായ ഐ‌എസുമായും പാക് ചാര സംഘടനയായ ഐ‌എസ്‌ഐയുമായും ബന്ധമുണ്ട്. അതിനാല്‍ ഇവര്‍ ഇന്ത്യയില്‍ തങ്ങുന്നത് അപകടമാണ്. എത്രയും വേഗം അവരെ തിരിച്ചയയ്ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും എത്രയും വേഗം തിരികെ അയക്കണമെന്നുമുള്ള ആദ്യ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരസംഘടനകളുമായി അഭയാര്‍ത്ഥികളില്‍ പലര്‍ക്കും സജീവ ബന്ധമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് അഭയാര്‍ത്ഥികളെ മ്യാന്മറിലേക്ക് തിരിച്ചയക്കണമെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാവരുതെന്നും രാഷ്ട്രീയ അഭയം ആവശ്യപ്പെട്ട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികളിന്മേല്‍ നിലപാടറിയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.

14,000ത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ അഭയം തേടിയിരിക്കുന്നത്.

അതെ സമയം അനധികൃതമായി താമസിക്കുന്നവരുടെ എണ്ണം 40,000ത്തിന് മുകളിലാണ്.

അനധികൃത താമസക്കാരെ മ്യാന്മറിലേക്ക് തിരികെ അയക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ജമ്മു, ഹൈദരാബാദ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡൽഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിൽ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുണ്ട്.

Top