സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തുറന്നടിച്ച് ഋഷിരാജ് സിങ്

rishraj-singh

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങളുമായി ഋഷിരാജ് സിങ് രംഗത്ത് . പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ചില ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ പൊലീസ് ആസ്ഥാനത്തുള്ളവര്‍ വെറും കാഴ്ചക്കാരാകുന്നുവെന്നാണ് കത്തിലെ പ്രധാന ആക്ഷേപം.

സ്റ്റുഡന്റ് പൊലീസ് പദ്ധതിയുടെയും ജനമൈത്രി പൊലീസ് പദ്ധതിയുടെയും ഗുണം ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ഇവര്‍ വിദേശയാത്രകളടക്കം നടത്തുമ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവസരങ്ങളില്ലാതെ വെറുതെ ഇരിക്കുകയാണ്. ജനമൈത്രി, സ്റ്റുഡന്റ് പൊലീസ് പദ്ധതികള്‍ സ്വന്തം പദ്ധതികളാക്കിയാണ് ഈ ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ഋഷിരാജ് സിംഗ് കത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിനു പുറത്തുനടക്കുന്ന ക്യാമ്പുകളിലും സെമിനാറുകളിലും പങ്കെടുക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അവസരം ലഭിക്കുന്നില്ല. ദേശീയ പൊലീസ് അക്കാദമിയും ദേശീയ പോലീസ് ഗവേഷണകേന്ദ്രവും നടത്തുന്ന പരിശീലന പരിപാടികളില്‍ സ്ഥിരം ആളുകളാണ് കേരളത്തില്‍നിന്ന് പങ്കെടുക്കുന്നത്. ഇവര്‍ നേരിട്ട് ആ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തങ്ങളെ ക്ഷണിക്കണമെന്ന് ശുപാര്‍ശചെയ്യുന്നു. സംസ്ഥാനം വിട്ടുപോകാന്‍ ഈ ഉദ്യോഗസ്ഥര്‍ പൊലീസ് മേധാവിയുടെ അനുമതിപോലും വാങ്ങാറില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതതെന്നും അദ്ദേഹത്തിന്റെ കത്തില്‍ പറയുന്നു.

സ്റ്റുഡന്റ് പോലീസ് പദ്ധതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരുവര്‍ഷംമുന്‍പ് താന്‍ കത്തുനല്‍കിയിട്ടും പോലീസ് മേധാവി തുടര്‍നടപടി സ്വീകരിച്ചില്ല. ചില ഉദ്യോഗസ്ഥര്‍ പോലീസിന്റെ പണം പാഴാക്കുകയാണ്. ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ക്കുമാത്രം പൊലീസിന്റെ നിയമങ്ങള്‍ ബാധകമല്ലെന്ന നില നന്നല്ലെന്നും സ്വന്തം നേട്ടത്തിനായി സര്‍ക്കാര്‍ പദ്ധതികളെ ഉപയോഗിക്കുന്ന ഇവര്‍ക്ക് സെമിനാറുകളില്‍ പങ്കെടുക്കാന്‍ യാത്രപ്പടിയും മറ്റ് ആനുകൂല്യങ്ങളും നല്‍കണോ എന്ന് ആലോചിക്കണമെന്നും കത്തില്‍ പറയുന്നു.

Top