Richest 1% Own 58% Of Total Wealth In India: Oxfam

ദാവോസ്: ഇന്ത്യയിലെ ജനങ്ങളുടെ വരുമാനത്തിലെ അന്തരം കൂടിയതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ മൊത്തം സമ്പത്തില്‍ 58 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരുടെ കൈയിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാജ്യാന്തര തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന ഓക്ഫാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ 57 ശതകോടീശ്വരന്‍മാരുടെ പക്കലുള്ള സമ്പത്ത് രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനം ജനങ്ങളുടെ കൈവശമുള്ള സമ്പത്തിന് തുല്യമാണ്.

ആഗോള ജനസംഖ്യയുടെ പകുതി പേരുടെ കൈവശമുള്ളതിന് തുല്യമായ സമ്പത്ത് അതിസമ്പന്നരായ എട്ടു പേരില്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയില്‍ മൊത്തം 84 ശതകോടിശ്വരന്‍മാരുണ്ടെന്നാണ് കണക്ക്. ഏകദേശം 20248 കോടി ഡോളറിന്റെ സമ്പത്ത് ഇവരുടെ കയ്യിലുണ്ട്. 1930 കോടി ഡോളറുള്ള മുകേഷ് അംബാനി, 1670 കോടി ഡോളറുള്ള ദിലീപ് ഷാംഗ്വി, 1500 കോടി ഡോളറുള്ള അസിം പ്രേംജി എന്നിവരാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന അതിസമ്പന്നര്‍.

255.7 ലക്ഷം കോടി ഡോളറാണ് ലോകത്തെ മൊത്തം സമ്പത്ത്. ഇതില്‍ 6.5 ലക്ഷം കോടി ഡോളറും അതി സമ്പന്നരുടെ കയ്യിലാണ്. 7500 കോടി ഡോളറിന്റെ സമ്പത്തുള്ള മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ഗേറ്റ്‌സാണ് ഒന്നാം സ്ഥാനത്തുള്ളത്.

സ്പാനിഷ് വ്യവസായിയായ അമാനിഷ്യോ ഒര്‍ട്ടേഗ രണ്ടാമതും അമേരിക്കന്‍ വ്യവസായി വാറെന്‍ ബഫെറ്റ് ലോക സമ്പന്നരുടെ പട്ടികയില്‍ മൂന്നാമതുമാണ്.

ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് തൊഴില്‍ വേതനത്തില്‍ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ ലിംഗ വിവേചനമുണ്ടെന്നും ഓക്‌ഫോമിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കുള്ള വേതന വ്യത്യാസം 30 ശതമാനമാണെന്നാണ് കണക്കുകള്‍ പറയുന്നത്.

Top