Revocation Note: PAC, demanding the governor of the RBI

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ ചോദ്യംചെയ്ത് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി(പിഎസി).

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് അധ്യക്ഷനായ കമ്മിറ്റിയാണ് ആര്‍ബിഐ ഗവര്‍ണറോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. തീരുമാനത്തിലെ റിസര്‍വ് ബാങ്കിന്റെ പങ്ക്, സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങള്‍, രണ്ട് മാസത്തിനിടെ ചട്ടങ്ങള്‍ മാറ്റിമറിച്ചതെന്തിന്? തുടങ്ങിയ ചോദ്യങ്ങളാണ് പിഎസി ചോദിച്ചിരിക്കുന്നത്.

തിടുക്കത്തില്‍ അര്‍ധരാത്രി നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ച കാരണമെന്ത് എന്നതടക്കമുള്ള ചോദ്യങ്ങളും കമ്മിറ്റി ഉന്നയിച്ചിട്ടുണ്ട്.

എത്ര പണം അസാധുവാക്കിയെന്നും അതില്‍ എത്ര ബാങ്കുകളിലേക്കും തിരിച്ചെത്തിയെന്നും വ്യക്തമാക്കണമെന്ന് പിഎസി ആവശ്യപ്പെട്ടു. ഈമാസം 28നു മുമ്പ് കമ്മറ്റിക്ക് മുമ്പില്‍ ഹാജരായി ഇക്കാര്യങ്ങളില്‍ വിശദീകരണം നല്‍കണമെന്നും ആര്‍ബിഐ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ പത്തു ചോദ്യങ്ങളാണ് ഉര്‍ജിത് പട്ടേലിന് പിഎസി കൈമാറിയിരിക്കുന്നത്.

അധികാര ദുര്‍വിനിയോഗത്തിന് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്യാതിരിക്കാനും നിയമനടപടി നേരിടാതിരിക്കാനും വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 30നാണ് പിഎസി ഉര്‍ജിത് പട്ടേലിന് ചോദ്യാവലി അയച്ചതെന്ന് സണ്‍ഡേ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Top