വര്‍ഷമൊന്നാകുന്നു; അസാധു നോട്ട് എണ്ണിത്തീര്‍ന്നില്ലെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികം അടുത്തിട്ടും മടങ്ങിയെത്തിയ 500, 1000 രൂപ നോട്ടുകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്.

വാര്‍ത്താ ഏജന്‍സിയായ പിടിഐ വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയായാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.

സെപ്റ്റംബര്‍ 30 വരെയുള്ള കണക്കു പ്രകാരം പഴയ 500 രൂപയുടെ 1,134 കോടി നോട്ടുകളും 1,000 രൂപയുടെ 524.90 കോടി നോട്ടുകളും പരിശോധിച്ചു. ഇവയുടെ മൂല്യം യഥാക്രമം 5.67 ലക്ഷം, 5.24 ലക്ഷം വരുമെന്നും ആര്‍ബിഐ അറിയിച്ചു.

നോട്ടുകള്‍ സൂക്ഷ്മവും സമഗ്രവുമായ പരിശോധനയിലൂടെ കടന്നുപോവുകയാണ്. ഡബിള്‍ ഷിഫ്റ്റുകളും ലഭ്യമായ എല്ലാ യന്ത്രങ്ങളും ഉപയോഗിച്ചും നോട്ടുകളുടെ പരിശോധന നടക്കുന്നു. ഇതിനായി 66 യന്ത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും ആര്‍ബിഐ അറിയിച്ചു.

2016 നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകള്‍ നിരോധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

Top