റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ നടപ്പാക്കേണ്ട കര്‍ശന നിയമങ്ങള്‍ സൗദി അറേബ്യ പ്രഖ്യാപിച്ചു

rent-a-car

റിയാദ്: രാജ്യത്തെ റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ നടപ്പാക്കേണ്ട കര്‍ശന നിയമങ്ങള്‍ സൗദി അറേബ്യ പ്രഖ്യാപിച്ചു. റെന്റ് എ കാര്‍ സ്ഥാപനങ്ങളുടെ ലൈസന്‍സിന് കര്‍ശന ഉപാധികളുണ്ട്. അപേക്ഷയോടൊപ്പം ഒരു ലക്ഷം റിയാല്‍ ബാങ്ക് ഗ്യാരണ്ടി പൊതുഗതാഗത അതോറിറ്റിയില്‍ കെട്ടിവെക്കണം. എന്തെങ്കിലും കാരണത്താല്‍ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍ 90 ദിവസങ്ങള്‍ക്കകം രേഖകള്‍ ശരിയാക്കണം. അല്ലാത്തപക്ഷം സ്ഥാപനത്തിന്റെ ലൈസന്‍സ് പരിപൂര്‍ണമായും റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഓരോ കാറ്റഗറികള്‍ക്കും നിശ്ചിത എണ്ണം കാറുകളും നിശ്ചയിച്ചിട്ടുണ്ട്. എ കാറ്റഗറിയില്‍ കുറഞ്ഞത് 3,000 കാറുകളെങ്കിലും ഉണ്ടായിരിക്കണം. ബി കാറ്റഗറിയില്‍ 300 ഉം, സിയില്‍ 100 ഉം ,ഡിയില്‍ 15 ഉം കാറുകള്‍ ഉണ്ടായിരിക്കണം. മണിക്കൂര്‍ അടിസ്ഥാനമാക്കി കാറുകള്‍ വാടകയ്ക്ക് നല്‍കുന്നതിനും, ഡ്രൈവര്‍ അടക്കം വാഹനം വാടകക്ക് നല്‍കുന്നതിനുമുള്ള അനുമതി എ കാറ്റഗറി സ്ഥാപങ്ങള്‍ക്കു മാത്രമായി ചുരുക്കി. ബി കാറ്റഗറിക്കു മണിക്കൂര്‍ അടിസ്ഥാനമാക്കി കാറുകള്‍ വാടകക്ക് നല്‍കുന്നതിനു മാത്രമേ അനുവാദമുള്ളൂ. സി, ഡി കാറ്റഗറികള്‍ക്ക് രണ്ടു രീതിയിലും വാടകക്ക് നല്‍കാന്‍ കഴിയില്ല.

സ്ഥാപനത്തിന് കീഴില്‍ പുറത്തിറക്കുന്ന കാറുകള്‍ നേരത്തെ രാജ്യത്ത് രജിസ്‌ട്രേഷന്‍ ഉള്ളതാവാന്‍ പാടില്ല. കാറുകള്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിക്കാനും അനുവാദമില്ല. ആറു മണിക്കൂര്‍ കുറഞ്ഞ സമയത്തിന് കാറുകള്‍ വാടകയ്ക്ക് നല്‍കരുത്. കൂലിക്കു ആളെ കൊണ്ടുപോവല്‍, ചരക്ക് നീക്കം ചെയ്യല്‍, കാര്‍ റാലികളില്‍ പങ്കെടുക്കല്‍, മറ്റു വാഹനങ്ങളെ വലിച്ചുകൊണ്ടു പോവല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കൊന്നും വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കരുത്.

ലൈസന്‍സ് ഇല്ലാതെയോ റദ്ദാക്കിയ ലൈസന്‍സ് ഉപയോഗിച്ചോ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പിടിക്കപ്പെട്ടാല്‍ 5,000 റിയാലാണ് പിഴ അടയ്‌ക്കേണ്ടത്. ഉപഭോക്താവിന്റെ അവകാശങ്ങള്‍ നിഷേധിക്കുകയോ, മറ്റു നിയമലംഘനങ്ങള്‍ നടത്തിയാലോ 2,000 മുതല്‍ 5,000 റിയാല്‍ വരെ പിഴ ചുമത്തും.

Top