renault reports record 2016 sales expects further growth

2016ല്‍ ആഗോളതലത്തിലുള്ള വാഹന വില്‍പ്പനയില്‍ 13% വളര്‍ച്ച നേടാന്‍ കഴിഞ്ഞെന്ന് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ. 2015ലെ വില്‍പ്പനയെ അപേക്ഷിച്ച് 2016ല്‍ 31.30 ലക്ഷത്തോളം വാഹനങ്ങള്‍ വിറ്റു പുതിയ ചരിത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നാണ് റെനോയുടെ അവകാശവാദം.മുന്‍വര്‍ഷത്തെക്കാള്‍ 13.3% അധികമായിരുന്നു 2016ലെ വില്‍പന.

യൂറോപ്പിലും ഇന്ത്യയിലും മികച്ച വില്‍പ്പന കൈവരിച്ചതിനൊപ്പം ഇറാനില്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ കഴിഞ്ഞതും 2016ലെ പ്രകടനം മെച്ചപ്പെടുത്താന്‍ ആയെന്നാണ് റെനോയുടെ വിലയിരുത്തല്‍.

കമ്പനിക്കു സാന്നിധ്യമുള്ള മേഖലകളിലെല്ലാം വിപണി വിഹിതത്തില്‍ വര്‍ധനയുണ്ടെന്ന് റെനോ കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ തിയറി കൊസ്‌കാസ് അവകാശപ്പെടുന്നു.

അതിനിടെ മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുമെന്നും കമ്പനി നിക്ഷേപകരെ അറിയിച്ചു.

മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കുന്നതില്‍ കൃത്രിമം കാട്ടിയെന്നു ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്വാഗന്‍ കുറ്റസമ്മതം നടത്തി ഒന്നരവര്‍ഷം പിന്നിടുന്ന വേളയിലാണു സമാന ആരോപണങ്ങളുടെ പേരില്‍ പാരിസിലെ പ്രോസിക്യൂട്ടര്‍മാര്‍ റെനോയ്‌ക്കെതിരെയും അന്വേഷണത്തിനു തുടക്കമിട്ടത്.

ഒപ്പം വാഹന വില്‍പ്പനയ്ക്കായി യൂറോപ്പിനെ ആശ്രയിച്ചിരുന്ന പഴയകാലത്തോടും റെനോ വിട പറഞ്ഞിട്ടുണ്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ വാഹന വില്‍പ്പനമെച്ചപ്പെട്ടതാണ് റെനോയ്ക്കു തുണയായത്.

2015ലെ മൊത്തം വില്‍പ്പനയുടെ 57.6% യൂറോപ്പിന്റെ സംഭാവനയായിരുന്നു; 2016ലാവട്ടെ യൂറോപ്പിന്റെ വിഹിതം 56.7% ആയി കുറഞ്ഞു.

ഡീസല്‍ വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ നിലവാരം സംബന്ധിച്ചു പാരിസിലെ പ്രോസിക്യൂട്ടര്‍മാര്‍ ഉന്നയിച്ച സംശയങ്ങള്‍ക്കു മറുപടി നല്‍കാന്‍ റെനോ സത്വരനടപടി സ്വീകരിക്കുമെന്നു കൊസ്‌കാസ് വ്യക്തമാക്കി.

ഏറെ പ്രാധാന്യത്തോടെയാണ് റെനോ ഈ വിഷയം പരിഗണിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. നിയമവ്യവസ്ഥയെ മാനിക്കുന്ന റെനോയുടെ കാറുകളില്‍ ‘പുകമറ’ സോഫ്റ്റ്‌വെയര്‍ സാന്നിധ്യമില്ല.

അതുകൊണ്ടുതന്നെ കമ്പനി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കൊസ്‌കാസ് പറഞ്ഞു.

Top