rehabilitation of mental asylum inmates

ന്യൂഡല്‍ഹി: മാനസികരോഗം ഭേദപ്പെട്ട അന്തേവാസികള്‍ക്കായി പുനരധിവാസ പദ്ധതി തയ്യാറാക്കണമെന്ന് കേന്ദ്രത്തിനോട് സുപ്രീംകോടതി.

രോഗം ഭേദപ്പെട്ടിട്ടും ഉപേക്ഷിക്കപ്പെടുന്ന അന്തേവാസികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്.

ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേധര്‍, ജസ്റ്റിസ് ധനഞ്ജയ വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൌള്‍ എന്നിവരടങ്ങുന്ന ബെഞ്ച് 8 ആഴ്ച സമയമാണ് പദ്ധതി നിര്‍മ്മാണത്തിനായി കേന്ദ്രത്തിന് അനുവദിച്ചിരിക്കുന്നത്. പോളിസി ബെഞ്ച് അവലോകനം ചെയ്യും.

രാജ്യത്ത് മാനസികരോഗം ഭേദപ്പെട്ടിട്ടും ആതുരാലയങ്ങളില്‍ കഴിയുന്നവരുടെ ആകെ എണ്ണം ലഭിക്കുന്നതിനായി ഗൌരവ് കുമാര്‍ ബന്‍സാല്‍ എന്ന വ്യക്തി നല്‍കിയ പെറ്റീഷനുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

ഗൌരവ് കുമാറിന് ലഭിച്ച വിവരമനുസരിച്ച് രാജ്യത്തെ 43 മാനസികാരോഗ്യ കേന്ദ്രങ്ങളിലായി ഏകദേശം 8000 മുതല്‍ 10000 വരെ രോഗികളുണ്ട്. ഇവരില്‍ 1000ത്തോളം ആളുകള്‍ കഴിഞ്ഞ 40 വര്‍ഷങ്ങളിലായി രോഗം ഭേദമായിട്ടും ബന്ധുക്കള്‍ ഉപേക്ഷിച്ചവരാണ്.

കഴിഞ്ഞ വര്‍ഷം കേസ് പരിഗണനക്ക് വന്നപ്പോള്‍ തന്നെ വിഷയം ഗൗരവകരമാണെന്നും രോഗം ഭേദമായവരെ ഒരു കാരണവശാലും ആതുരാലയങ്ങളില്‍ അധിവസിപ്പിക്കരുതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.

Top