ഷവോമി ഉത്പന്നങ്ങള്‍ക്ക് 5000 രൂപയോളം വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു

റെഡ്മി നോട്ട് 5 പ്രോ സ്മാര്‍ട്ട് ഫോണിന്റെയും എംഐ ടിവി 4 (55 ഇഞ്ച്) ന്റേയും വില വര്‍ധിപ്പിച്ച് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷാവോമി. പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ (പിസിബി), ക്യാമറ മോഡ്യൂളുകള്‍, കണക്ടറുകള്‍ എന്നിലയുടെ ഇറക്കുമതി ചുങ്കം 10 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് റെഡ്മി നോട്ട് 5 പ്രോയ്ക്ക് 1000 രൂപയും എംഐ ടിവി 4 ന് 5000 രൂപയും വര്‍ധിപ്പിച്ചത്.

ഇതോടെ റെഡ്മി നോട്ട് 5 പ്രോയുടെ 4ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് വില 14,999 രൂപയായും എംഐ എല്‍ഇഡി ടിവി 4 (55 ഇഞ്ച്) ന്റെ വില 44,999 രൂപയായും ഉയരും. മെയ് ഒന്ന് മുതലാണ് പുതിയ നിരക്ക് നിലവില്‍ വരിക.
അതേസമയം പ്രീ ഓര്‍ഡര്‍ നല്‍കിയവര്‍ക്ക് വിലയില്‍ മാറ്റമില്ലാതെ ഫോണ്‍ ലഭിക്കും.

എല്‍സിഡി പാനലുകള്‍ക്ക് 15 ശതമാനവും, ചാര്‍ജറുകളുടെ പിസിബിയ്ക്ക് 10 ശതമാനവും, ലിതിയം ആയേണ്‍ ബാറ്ററികള്‍ക്ക് 10 മുതല്‍ 20 ശതമാനം വരെയും അഡാപ്റ്ററുകള്‍, ചാര്‍ജറുകള്‍, ബാറ്ററി പാക്ക്, യുഎസ്ബി കേബിള്‍, വയേര്‍ഡ് ഹെഡ്‌സെറ്റ്, റിസീവര്‍, കീപാഡ്, ആന്റിന, സൈഡ് കീ എന്നിവയ്ക്ക് അഞ്ച് മുതല്‍ 15 ശതമാനം വരെയും ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

Top